മോദി പ്രധാനമന്ത്രിയാകാതിരിക്കാനുള്ള എല്ലാ നീക്കങ്ങളേയും പിന്തുണയ്ക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പിഴുതെറിയാനുള്ള എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കുമെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അസദുദ്ദീന്‍ ഒവൈസി. 2024ലെ ലോക്സഭയില്‍ ബിജെപിക്ക് ഇത്രയധികം സീറ്റുകള്‍ പോലും ലഭിക്കരുതായിരുന്നെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് വ്യക്തമാക്കി.

‘രാജ്യത്തുണ്ടായിരുന്ന അന്തരീക്ഷം, അതനുസരിച്ച് ബിജെപിക്ക് ഇത്രയും സീറ്റുകള്‍ പോലും ലഭിക്കാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവര്‍ക്ക് 150 സീറ്റുകളെ ലഭിക്കുമായിരുന്നു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് നമുക്ക് തടയാമായിരുന്നു. പൊതുജനങ്ങള്‍ പോലും ഇത് ആഗ്രഹിച്ചു, പക്ഷേ വിജയിച്ചില്ല, പക്ഷേ, ഞങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും” ഒവൈസി പറഞ്ഞു. മാത്രമല്ല,
രാജ്യത്ത് ഒരു മുസ്ലീം വോട്ട് ബാങ്കും ഉണ്ടായിരുന്നില്ല, ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ 3,38,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി വിജയിച്ചത്. 6,61,981 വോട്ടുകള്‍ നേടിയ ഒവൈസി 3,23,894 വോട്ടുകള്‍ നേടിയ ബിജെപിയുടെ മാധവി ലതയെ പരാജയപ്പെടുത്തി.