
ഗുവാഹത്തി: യേശുക്രിസ്തുവിന്റെ പ്രതിമകൾ സ്ഥാപിച്ചതിന്റെ പേരിൽ അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്കു നേരെ ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗുവാഹത്തി ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളായ ഡോൺ ബോസ്‌കോ, സെൻ്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിൽ ക്രിസ്ത്യൻ വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ നെഹ്‌റു പാർക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകൾ പതിച്ചു. ബാർപേട്ട, ശിവസാഗർ നഗരങ്ങളിലും ഇത്തരം പോസ്റ്ററുകളുണ്ട്.
“സ്കൂളിനെ ഒരു മതസ്ഥാപനമായി ഉപയോഗിക്കുന്നത് നിർത്താനുള്ള അവസാന മുന്നറിയിപ്പാണിത്. സ്‌കൂൾ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക. ഇത്തരം ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം,” എന്നാണ് അസമീസ് ഭാഷയിലുള്ള പോസ്റ്റർ.
തങ്ങൾ ക്രിസ്ത്യൻ മതത്തിന് എതിരല്ലെന്നും എന്നാൽ ക്രിസ്ത്യൻ മിഷനറി സ്കൂളുകളിലെ പ്രത്യേക മതപരമായ ആചാരങ്ങൾക്ക് എതിരാണെന്നും കുടുംബ സുരക്ഷാ പരിഷത്ത് പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “സമയപരിധി ഇന്ന് കഴിഞ്ഞു. എന്നാൽ സ്കൂളിൽ പരീക്ഷ നടക്കുന്നതിനാൽ കുറച്ചു സമയം കൂടി കാത്തിരിക്കും. മിഷനറിമാർക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ വിദ്യാഭ്യാസ മന്ത്രിമാർക്കും ജില്ലാ കമ്മീഷണർമാർക്കും കത്തെഴുതിയിട്ടുണ്ട്. അടുത്ത നടപടി ഉടൻ തീരുമാനിക്കും,” ബോറ പറഞ്ഞു.