
ശിവസാഗർ: ശനിയാഴ്ച ആസാമിലെ ശിവസാഗർ ജില്ലയിലെ ഒരു സ്‌കൂളിൽ ക്ലാസ് മുറിക്കുള്ളിൽ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. യൂണിഫോം ഇടാത്തതിന് ശാസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകൻ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
തലേദിവസം ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകൻ ഇതേ വിദ്യാർഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസിൽ നിന്നും വിദ്യാർഥിയെ ഇറക്കിവിട്ടതായും സഹപാഠികൾ പറയുന്നു. അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകൻ എഴുന്നേൽപ്പിച്ചു നിർത്തി ശകാരിച്ചു. ഇതിനിടെയാണു വിദ്യാർഥി കത്തി കൊണ്ട് ആക്രമിച്ചത്.
“ഉച്ചകഴിഞ്ഞ് 3:15 ഓടെ, ഒരു വിദ്യാർത്ഥി സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിൽ അധ്യാപകനെ കുത്തി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അപ്പോഴേക്കും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഞങ്ങൾ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു,” മുതിർന്ന പോലീസ് ഓഫീസർ മൊയ്‌ദുൽ ഇസ്‌ലാം പറഞ്ഞു.