സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്; നിയമസഭാ സമ്മേളനം ജനുവരി 25 മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ജനുവരി 29 മുതല്‍ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള ചര്‍ച്ച നടക്കും. ഈ വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനമാണ് ജനുവരി മുതല്‍ ആരംഭിക്കുന്നത്.

ഫെബ്രുവരി നാലിന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കും. ഫെബ്രുവരി 14 വരെ ബജറ്റിന്മേലുളള ചര്‍ച്ച നടക്കും. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ വരുന്നത് എന്നത് ശ്രദ്ധേയമാണ്. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണ്ണര്‍ക്കെതിരെ ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നേക്കാമെന്ന സാധ്യതയും നിലനില്‍ക്കുന്നു.