കോവിഷീൽഡിന് അപൂർവ്വമായ പാർശ്വഫലങ്ങളുണ്ട്; വെളിപ്പെടുത്തലുമായി കമ്പനി

ന്യൂഡൽഹി: തങ്ങളുടെ കോവിഡ് വാക്സിനായ കോവീഷീൽഡിന് അപൂർവ്വമായ പാർശ്വഫലങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് ഫാർമ ഭീമനായ ആസ്ട്രസെനെക്ക. രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാനും ഇത് കാരമായേക്കാമെന്ന് നിർമാതാക്കൾ ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കി.

പാൻഡെമിക് സമയത്ത് ആസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഇന്ത്യയിൽ നിർമിച്ചിരുന്നത് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു.

വാക്സിൻ സ്വീകരിച്ചതിനു ശേഷം നിരവധി പേർ മരിക്കുകയും പലരിലും ഗുരുതരമായ പാർശ്വഫലങ്ങൾ നേരിടുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ആസ്ട്രസെനെക്ക രേഖകൾ സമർപ്പിച്ചിരുന്നത്. യുകെ ഹൈക്കോടതിയിൽ നിലനിൽക്കുന്ന 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്.

2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ ആസ്ട്രസെനെക്ക സമ്മതിച്ചു.