
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി ആതിര വർമ്മ തെരഞ്ഞെടുക്കപ്പെട്ടു. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 21 -ാമത് ഫൊക്കാന കൺവൻഷനിലാണ് ആതിര വർമ്മ (വിർജീനിയ ) മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടത്. മെരിലാൻഡിൽ താമസിക്കുന്ന തൃപ്പൂണിത്തുറക്കാരിയായ ആതിര വർമ്മ ഐ ടി രംഗത്താണ് പ്രവർത്തിക്കുന്നത്. ഭർത്താവും ഐ ടി മേഖലയിലാണ് ജോലി ചെയ്യുന്നത്.
ഫസ്റ്റ് റണ്ണർ അപ്പായി സുബി ബാബുവും (അറ്റ്ലാന്‍റ) സെക്കൻഡ് റണ്ണർ അപ്പായി പ്രീതി നായരുമാണ് ( വിർജീനിയ ) തെരഞ്ഞെടുക്കപ്പെട്ടത്. വിമൻസ് ഫോറം നാഷണൽ ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ്, ഫാൻസി മോൾ പല്ലാട്ടുമഠം, ഡോ. സൂസൻ ചാക്കോ, ഹണി ജോസഫ്, നീമ ഷമീൽ, രേവതി പിള്ള എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മുരളി ആർ, റാണി നികേഷ്, പൊന്നു പിള്ള എന്നിവരായിരുന്നു വിധി കർത്താക്കൾ.
പരിപാടിക്ക് ഡോ. ബ്രിജിറ്റ് ജോർജ് സ്വാഗതം പറഞ്ഞു. ഫൊക്കാന പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ വിജയികൾക്ക് കാഷ് അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ വിജയികളെ അഭിനന്ദിച്ചു.















