‘കെജ്രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞു ; അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ദൈവം പോലും അവരോട് ക്ഷമിക്കില്ല…’ അതിഷി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റിനെ തുടര്‍ന്ന് ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യം മോശമാകുന്നുവെന്ന് വെളിപ്പെടുത്തി ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി. കെജ്രിവാളിന്റെ ശരീരഭാരം അതിവേഗം കുറയുകയാണെന്ന് അവകാശപ്പെട്ട അതിഷി കെജ്രിവാളിനെ ജയിലില്‍ അടച്ചത് ആരോഗ്യത്തിന് അപകടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു.

ഇത് വളരെ ആശങ്കാജനകമാണെന്നും കെജ്രിവാള്‍ കടുത്ത പ്രമേഹ രോഗിയാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും രാജ്യത്തിന് വേണ്ടി ഇപ്പോഴും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുഴുവന്‍ മാത്രമല്ല, ദൈവം പോലും അവരോട് ക്ഷമിക്കില്ലെന്നും അതിഷി പറഞ്ഞു. കെജ്രിവാളിനെയും എഎപിയെയും തകര്‍ക്കാന്‍ ബിജെപിക്ക് ഏതറ്റം വരെയും പോകാമെന്നും, രാജ്യം മുഴുവന്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും അതിഷി പറഞ്ഞു.

എന്നാല്‍, ഏപ്രില്‍ 15 വരെ കെജ്രിവാള്‍ തടവില്‍ കഴിയുന്ന തിഹാര്‍ ജയില്‍ അധികൃതര്‍ അതിഷിയുടെ ആരോപണങ്ങളെ പാടേ തള്ളുകയും കെജ്രിവാളിന്റെ ആരോഗ്യനിലയ്ക്ക് മാറ്റമില്ലെന്നും സാധാരണ നിലയിലാണെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide