
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ദോഡ ജില്ലയിലെ ആര്‍മിയുടെ താല്‍ക്കാലിക ഓപ്പറേറ്റിംഗ് ബേസില്‍ (ടിഒബി) ആണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. സുരക്ഷാ സേനയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെയുമായി ബന്ധമുള്ള കശ്മീര്‍ ടൈഗേഴ്സ് എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്.
മെയ് നാലിന് പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ അതേ സംഘത്തില്‍പ്പെട്ടവരാണ് ഭീകരരെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി എസ്ഡിഎച്ച് ഭാദേര്‍വയിലേക്ക് കൊണ്ടുപോയി. ഭീകരരെ പിടികൂടാനുള്ള ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്. റിയാസിക്കും കത്തുവയ്ക്കും ശേഷം ജമ്മു മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.