ലണ്ടന്‍ തെരുവില്‍ വാളുമായി എത്തി പരാക്രമം : അക്രമി പിടിയില്‍; നിരവധി പേര്‍ക്ക് വെട്ടേറ്റു

ലണ്ടന്‍: ലണ്ടന്റെ കിഴക്ക് ഹൈനോള്‍ട്ടില്‍ വാളുമായി തെരുവിലിറങ്ങി ആക്രമം കാട്ടിയ ഒരാളെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് ചൊവ്വാഴ്ച അറിയിച്ചു. ഇയാള്‍ സാമുറായി ഗണത്തില്‍പ്പെടുന്ന ഒരു വാളുമായി തെരുവിലേക്ക് എത്തി ആളുകളെ ആക്രമിക്കുകയായിരുന്നു. ഇയാളെ പിടി കൂടുകയും സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി തോന്നുന്നില്ലെന്നും ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ അഡെ അഡെലെകന്‍ പറഞ്ഞു.

വാളുകൊണ്ടുള്ള ആക്രമണത്തിന് നിരവധി പേര്‍ ഇരയായിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ 7:00 മണിക്ക് ഒരു വാഹനം ഒരു വീട്ടിലേക്ക് പാഞ്ഞുകയറുകയും അതില്‍ നിന്നും പുറത്തിറങ്ങിയ അക്രമി ആളുകളെ വാള്‍ ഉപയോഗിച്ച് കുത്തി എന്നുമാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഫൂട്ടേജുകളും ഫോട്ടോഗ്രാഫുകളും ഒരു സാമുറായി ഇനത്തില്‍പ്പെട്ട വാളുമായി വീടുകള്‍ക്ക് സമീപമുള്ള തെരുവില്‍ ഒരാളെ കാണാം.

ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് തങ്ങളുടെ ടീമുകള്‍ അഞ്ച് പേരെ ആശുപത്രിയില്‍ എത്തിച്ചതായി വിവരം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും അവരുടെ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി തലസ്ഥാന നഗരത്തില്‍ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2023ല്‍ ലണ്ടനില്‍ കത്തികൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ 20 ശതമാനം വര്‍ദ്ധിച്ചു. ഇംഗ്ലണ്ടിലും വെയില്‍സിലും മൊത്തത്തില്‍, കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഏഴ് ശതമാനം വര്‍ധിച്ചിട്ടുണ്ട്. നവുണ്ടായി 49,489 കുറ്റകൃത്യങ്ങളുണ്ടായി, കൂടുതലും മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലാണെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു.