
കൊല്‍ക്കത്ത: ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ വെച്ച് എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതിനഗര്‍ ഏരിയയില്‍ ഇന്ന് രാവിലെ നടത്തിയ റെയ്ഡിനിടെയാണ് ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍.ഐ.എയുടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു.
2022-ല്‍ ഭൂപതിനഗറിനെ പിടിച്ചുകുലുക്കിയ ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്താനാണ് എന്‍ഐഎ സംഘം ഭൂപതിനഗറില്‍ എത്തിയത്. എന്നാല്‍ തിരച്ചില്‍ ആരംഭിച്ച ഉടന്‍തന്നെ പാഞ്ഞടുത്ത ജനക്കൂട്ടം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ബോംബ് സ്ഫോടനക്കേസുമായി ബന്ധമുള്ള രണ്ട് പേരെ എന്‍ഐഎ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഘത്തിന്റെ വാഹനം നാട്ടുകാര്‍ ഉപരോധിച്ചെന്നും കല്ലേറുണ്ടായെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. 2022 ഡിസംബര്‍ 3 ന് ഭൂപതിനഗറിലെ ഒരു വീട്ടില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണ ചുമതല എന്‍ഐഎ ഏറ്റെടുത്തത്.