
കൊളംബിയ: കൊളംബിയയിലെ ബൊഗോട്ടയില്‍ വിഷമുള്ള ഇനം തവളകളെ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച യുവതിയെ പിടികൂടി. ബൊഗോട്ടയിലെ വിമാനത്താവളത്തില്‍ വെച്ചാണ് യുവതി പിടിയിലായത്. യുവതിയുടെ സ്യൂട്ട്‌കേസില്‍ 130 വിഷമുള്ള തവളകളെ ഒളിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഹാര്‍ലെക്വിന്‍ വിഷ തവളകളെയാണ് യുവതി കടത്താന്‍ ശ്രമിച്ചത്.
എല്‍ ഡൊറാഡോ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ സ്യൂട്ട്‌കേസ് തുറക്കുന്നതും തവളകളെ ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തുന്നതിന്റേയുമെല്ലാം ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ നാഷണല്‍ പോലീസ് പറയുന്നതനുസരിച്ച്, 37 കാരിയായ യുവതി വിമാനത്തില്‍ തവളകളെ ബ്രസീലിലെ സാവോപോളോയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ പരിശോധനയില്‍ പിടിക്കപ്പെട്ടതിനാല്‍ വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. ‘വംശനാശഭീഷണി നേരിടുന്ന ഈ ഇനത്തെ അന്താരാഷ്ട്ര വിപണികളില്‍ വാങ്ങുന്നവര്‍ ഓരോ തവളയ്ക്കും ആയിരം ഡോളര്‍ വരെ നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഇത്തരം തവളകളുടെ വിചിത്രമായ രൂപഭംഗിയും വില കൂട്ടാന്‍ കാരണമാകുന്നു.
അതേസമയം തവളകള്‍ നരിനോ ജനതയില്‍ നിന്നുള്ള സമ്മാനമാണെന്ന് യുവതി അവകാശപ്പെട്ടു. വന്യജീവികളെ കടത്താന്‍ ശ്രമിച്ചതിനും കൊളംബിയയുടെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകള്‍ വരുത്തിയതിനും പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. തവളകളെ വന്യജീവി, പരിസ്ഥിതി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. കൊളംബിയയിലെ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ വനപ്രദേശങ്ങളിലാണ് ഇവയെ സാധാരണ കാണാറുള്ളത്.