
ന്യൂഡല്‍ഹി: ജയിലിലായിരുന്നു മ്യാന്‍മറിന്റെ മുന്‍ നേതാവ് ഓങ് സാന്‍ സൂകിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. കടുത്ത ചൂടിനെത്തുടര്‍ന്നുള്ള ആരോഗ്യ നടപടിയെന്ന നിലയിലാണ് ജയിലില്‍ നിന്നുള്ള മാറ്റം.
മുന്‍കരുതലുകള്‍ ആവശ്യമുള്ള എല്ലാവരിലും, പ്രത്യേകിച്ച് പ്രായമായ തടവുകാര്‍ക്കിടയില്‍ ഉഷ്ണ തരംഗം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലാണ് നീക്കമെന്ന് സൈനിക ഭരണകൂടത്തിന്റെ വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂകിയെയും പ്രസിഡന്റ് യു വിന്‍ മൈന്റ് (72)യെയും ജയിലില്‍ നിന്ന് മാറ്റിയതായി വിവരമുണ്ട്. മ്യാന്‍മറിലെ ബാഗോ മേഖലയിലെ തൗങ്കൂവില്‍ എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് വിന്‍ മൈന്റ്. വീട്ടുതടങ്കലലിലാണെങ്കിലും എവിടേക്കാണ് മാറ്റിയതെന്ന് സൂചനയില്ല. 2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതു മുതല്‍ ഇരു നേതാക്കളും തടവിലാണ്.
മ്യാന്‍മര്‍ തലസ്ഥാനമായ നയ്പിഡോയില്‍ ചൊവ്വാഴ്ച 39 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായി മ്യാന്‍മറിന്റെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സൂകിയുടെ മോചനത്തിനായി യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ (യുഎന്‍എസ്സി) മുമ്പ് ആവശ്യം ഉന്നയിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, ഓങ് സാന്‍ സൂകിയുടെ മകന്‍ കിം അരിസ്, അവര്‍ക്ക് ഗുരുതരമായ മോണ രോഗമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.
ജയിലിന് പുറത്ത് ആരും സൂകിയെ വളരെക്കാലമായി കണ്ടിട്ടില്ലെന്നും ഭക്ഷണം കഴിക്കാന്‍ കഴിയാത്തത് ജീവന്‍ അപകടത്തിലാക്കുന്നുവെന്നും മകന്‍ ആരോപിച്ചിരുന്നു. നൊബേല്‍ സമ്മാന ജേതാവായ സൂകി, കെട്ടിച്ചമച്ചതാണെന്ന് പറയപ്പെടുന്ന നിരവധി കുറ്റകൃത്യങ്ങളുടെ പേരില്‍ അജ്ഞാത സ്ഥലത്ത് 27 വര്‍ഷത്തെ തടവില്‍ കഴിയുകയാണ്.