വിരാട് കോഹ്ലിയെ ‘കോമാളി’ എന്ന് മുദ്രകുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ; ഇത് ഇന്ത്യക്കും അപമാനം

മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി ഓസ്‌ട്രേലിയന്‍ അരങ്ങേറ്റതാരം സാം കോണ്‍സ്റ്റാസിനോട് കൊമ്പുകോര്‍ത്ത സംഭവത്തില്‍ ചര്‍ച്ചകളും കുറ്റപ്പെടുത്തലും ഒഴിയുന്നില്ല. ഇന്ത്യന്‍ താരം ഓസീസ് ഓപ്പണറുടെ തോളില്‍ മനപ്പൂര്‍വ്വം ഇടിച്ച സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് വിരാട് കോഹ്‌ലിക്ക് ശിക്ഷ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കാനാണ് കോഹ്‌ലിയോട് ആവശ്യപ്പെട്ടത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോഹ്ലിക്ക് ഒരു മാച്ച് സസ്‌പെന്‍ഷനെങ്കിലും നല്‍കണമെന്ന ആവശ്യം ശക്തമായി. പക്ഷേ, ഒരു ഡീമെറിറ്റ് പോയിന്റും പിഴയും മതിയായ ശിക്ഷയായി മാച്ച് റഫറി വിധിക്കുകയായിരുന്നു. എന്നാല്‍ പിഴ മാത്രം ലഭിക്കുന്നത് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് സന്തോഷമായില്ല. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍, വെള്ളിയാഴ്ച രാവിലെ പത്രങ്ങളില്‍ കോഹ്ലിയെ ‘കോമാളി’ എന്ന് വിളിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യക്കും അപമാനകരമായി വിഷയം കൈകാര്യം ചെയ്തത്.

‘കോമാളി കോഹ്ലി’ എന്ന തലക്കെട്ട് ഉപയോഗിച്ചാണ് ‘ദി വെസ്റ്റ് ഓസ്ട്രേലിയന്‍’ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അപമാനിച്ചത്. കോഹ്ലിയുടെ പ്രവൃത്തിയുടെ പേരില്‍ ഭീരു എന്നും അദ്ദേഹത്തെ വിളിച്ച് അപമാനിക്കുന്നത് തുടരുന്നു.

ഓസ്ട്രേലിയയില്‍ കോണ്‍സ്റ്റാസിന്റെ ഏറെ പ്രതീക്ഷയോടെയുള്ള അരങ്ങേറ്റ മത്സരമായിരുന്നു നടന്നത്. അതില്‍ത്തന്നെയാണ് വിവാദവും സംഭവിച്ചത്. ഇന്ത്യന്‍ പേസ് ബൗളറായ മിടുമിടുക്കന്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ കളിച്ച് 60-ല്‍ 34 റണ്‍സും നേടിയതിലൂടെ 19-കാരന്‍ വാര്‍ത്തകളില്‍ ഇടം നേടുക മാത്രമല്ല, വിരാട് കോഹ്‌ലിയുടെ അനാവശ്യ പെരുമാറ്റത്തിലൂടെ കൂടുതല്‍ പ്രശസ്തനാകുകയും ചെയ്തു. 36 കാരനായ കോഹ്‌ലി 19 കാരന്‍ സാമുമായി ഉടക്കിയതില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അലയടിച്ചത്. അതേസമയം, കളിക്ക് ശേഷം, വിരാട് അബദ്ധത്തില്‍ തന്നെ ഇടിച്ചെന്നാണ് കോണ്‍സ്റ്റാസ് പ്രതികരിച്ചത്. ‘ഞാന്‍ എന്റെ കയ്യുറകള്‍ ക്രമീകരിക്കുകയായിരുന്നു, അദ്ദേഹം അബദ്ധത്തില്‍ എന്നെ ഇടിച്ചതായി ഞാന്‍ കരുതുന്നു. പക്ഷേ ഇത് ക്രിക്കറ്റ് മാത്രമാണെന്നും ടെന്‍ഷന്‍ മാത്രമാണെന്നും ഞാന്‍ കരുതുന്നു,”- വിവാദത്തില്‍ വീഴാതെ ശ്രദ്ധിച്ചായിരുന്നു സാമിന്റെ പക്വതയാര്‍ന്ന പ്രതികരണം.

More Stories from this section

family-dental
witywide