കാന്‍ബെറ: രാത്രി പുറത്തിറങ്ങിയ തന്നെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണവുമായി ഓസ്ട്രേലിയന്‍ എംപി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംപിയുടെ ആരോപണം. തന്റെ മണ്ഡലമായ ക്വീന്‍സ്ലാന്‍ഡിലെ യെപ്പൂണില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍.
‘ഇത് ആര്‍ക്കും സംഭവിക്കാം.നമ്മില്‍ പലര്‍ക്കും ഇത് സംഭവിക്കുന്നു,’ എന്നും മുപ്പത്തിയേഴുകാരയായ എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏപ്രില്‍ 28നാണ് സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും, പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു. മയക്കുമരുന്ന് ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും തന്നെ ആക്രമിച്ചവരും ലഹരി ഉപയോഗിച്ചിരിക്കാമെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ഓസ്ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ പ്രദേശത്ത് സമാന രീതിയിലുള്ള മറ്റ് സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, എംപിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ക്വീന്‍സ്ലാന്‍ഡ് മന്ത്രി മേഗന്‍ സ്‌കാന്‍ലോണ്‍ പ്രതികരിച്ചു. ‘അവര്‍ എന്റെ സഹപ്രവര്‍ത്തകയാണ്, സുഹൃത്താണ്, ക്വീന്‍സ്ലാന്‍ഡിലെ എംപിയാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിനും അക്രമങ്ങള്‍ തടയുന്നതിനും സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും’-മന്ത്രി കൂട്ടിച്ചേര്‍ത്തു.