
കോട്ടയം: മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് കെഎം മാണിയുടെ ആത്മകഥയില്‍ പറയുന്നു. കെഎം മാണി മരിക്കുന്നതിന് ആറു മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെഎം മാണി ഫൗണ്ടേഷന്റെ വിശദീകരണം.
കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. ചടങ്ങിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവിനും ക്ഷണമില്ല. യുഡിഎഫില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടി മാത്രമാണ് ക്ഷണം.
ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ക്കോഴ കേസെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എല്ലാകാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലും ആത്മകഥയിലുണ്ടെന്നാണ് വിവരം.
രമേശിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് സമീപിച്ചെന്നും അതിന് താന്‍ വിലകല്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബാര്‍ക്കോഴ ആരോപണം ഒരു വടിയായി തനിക്കെതിരെ ഉപയോഗിച്ചതെന്നും ആത്മകഥയില്‍ പറയുന്നു. ആരോപണം ഉണ്ടാവാന്‍ കാത്തിരുന്നത് പോലെയാണ് ചെന്നിത്തല പ്രവര്‍ത്തിച്ചതെന്നും മാണി ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്.
തനിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതിലൂടെ ഇത്തിരി വെള്ളം കുടിക്കട്ടെ എന്ന് ചെന്നിത്തല മനസില്‍ കരുതിയിരിക്കുമെന്നും മാണി കുറ്റപ്പെടുത്തുന്നു.










