ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നവരോട് പുതു മന്ത്രി ഗണേഷ് കുമാറിന് പുച്ഛമാണോ? 

കേരളത്തിന്റെ ഗതാഗത മന്ത്രിയായി കെ. ബി ഗണേഷ്കുമാർ ചുമതലയേറ്റ അന്നു മുതൽ തുടങ്ങിയതാണ് കൊടുങ്കാറ്റുകൾ. ഗതാഗത വകുപ്പ് എന്ന ഈജിയൻ തൊഴുത്ത് വൃത്തിയാക്കിയിട്ടു തന്നെ കാര്യം എന്നുറച്ചാണ് മന്ത്രി. വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രമല്ല നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് മന്ത്രി. പറഞ്ഞുവരുന്നത് ഡ്രൈവിങ് ലൈസൻസിന്റെ പുതിയ നിയമങ്ങളെ കുറിച്ചാണ്.  ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടു കൂടി നിയമങ്ങൾ നിര്‍മ്മിക്കുകയും അത് പഴുതില്ലാതെ നടപ്പാക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമുള്ള കാര്യമാണ്. പക്ഷേ ലൈസൻസ് ടെസ്റ്റിനുള്ള ചില മാനദണ്ഡങ്ങൾ മണ്ടത്തരമെന്ന് പറയാതെ വയ്യ. അതിലൊന്ന് ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നതാണ്. 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള കാലുകൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനം തന്നെ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് മറ്റൊരു നിയമം. ഇത് കേരളത്തിന്റെ മാത്രം സ്പെഷലാണ്.

ലോകം മുഴുവൻ ഗിയർ ഇല്ലാത്ത വണ്ടികളിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുകയാണ്. വൻ ട്രക്കുകളും ബസുകളുമൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലൊക്കെ ഒരു കമ്പ്യൂട്ടര്‍ മോണിറ്റര്‍ സഹായത്തില്‍ ടെസ്ലല കാറുകള്‍ റോഡുകള്‍ കീഴടക്കുകയാണ്. 

നിർമിത ബുദ്ധി വന്നതോടെ ഡ്രൈവർമാരുടെ പണിപോലും ഇല്ലാതാകുമെന്ന സ്ഥിതി തന്നെയുണ്ട്. അപ്പോഴാണ് മറ്റെല്ലാ കാര്യത്തിലും ലോക നിലവാരം അവകാശപ്പെടുന്ന കേരളത്തിലെ ഗതാഗത വകുപ്പ് മാത്രം ഇങ്ങനെ നിർബന്ധബുദ്ധി പിടിച്ച് പിന്നോട്ട് നടക്കുന്നത്.

ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വിഭാഗത്തിലെ വാഹനവുമായി ചെല്ലുക, മോട്ടോർ വാഹന ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന തരത്തിലൊക്കെ, നിയമം അനുസരിച്ച്  വാഹനം ഓടിച്ച് കാണിക്കുക എന്നതാണ് ആരോഗ്യകരമായ ഗതാഗത സംവിധാനമുള്ള എല്ലാ രാജ്യങ്ങളും പിന്തുടരുന്ന നീതി. നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് വാഹനം ഓടിക്കാൻ ആകുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാതെ പോളിടെക്നിക്ക് ഡിപ്ളോമയുണ്ടോ എന്നതല്ല മാനദണ്ഡം. മറ്റൊന്ന് ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടറാകാൻ മെക്കാനിക്കൽ എൻജിനീയറിങ് റെഗുലറായി പഠിച്ചു പാസാകണമെന്നാണ്.

സത്യത്തിൽ തലയണമന്ത്രം സിനിമയിലെ ശ്രിനിവാസനിന്റെ ഡയലോഗാണ് ഓർമ്മവരുന്നത്. ഡ്രൈവിങ് പഠിക്കാൻ പോയ ശ്രനിവാസനെ വഴക്കു പറഞ്ഞ മാമുക്കോയയോട് പറയുന്ന ഡയലോഗ് – ഞാനേ പോളിടെക്നിക്കിൽ പഠിച്ചതാ… യന്ത്രങ്ങളുടെ പ്രവർത്തനങ്ങളൊന്നും താൻ എന്നെ പഠിപ്പിക്കേണ്ട എന്നായിരുന്നു മലയാളികളെ വല്ലാതെ ചിരിപ്പിച്ച ആ ഡയലോഗ്.

ഇപ്പോള്‍ മന്ത്രി ഗണേഷ് കുമാറിന്റെ ചില പരിഷ്കാരങ്ങളും മലയാളികളെ കുടുകുട ചിരിപ്പിക്കുകയാണ്. ഗണേശൻ സാറ് ഒരു കൊടുങ്കാറ്റ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അത് പക്ഷേ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് മാത്രം.  സാർ കേരളം ഇന്ത്യയിൽ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത എന്ത്  പ്രത്യേകതയാണ് സാർ ഇവിടെ. ഇതുകൊണ്ട് ആർക്കാണ് ഗുണം. ഗതാഗത വകുപ്പിന്റെ ഗുണനിലവാരം കൂട്ടാൻ ലൈസൻസ് ടെസ്റ്റ് മാത്രം കടുപ്പിച്ചാൽ പോര.

ഗതാഗത വകുപ്പില്‍ ഗണേഷ് കുമാര്‍ കാര്യമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നത് നല്ലത് തന്നെയാണ്. നല്ല മാറ്റങ്ങള്‍ക്ക്, നല്ല തീരുമാനങ്ങള്‍ക്ക് ജനങ്ങള്‍ കയ്യടിക്കുക തന്നെ ചെയ്യും. പക്ഷെ, ‍ഡ്രൈവിങ് ടെസ്റ്റിലും, ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പിലുമൊക്കെ കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ എത്രത്തോളം പൊതുസമൂഹത്തിന് ഗുണം ചെയ്യുമെന്ന് മന്ത്രി വീണ്ടുമൊന്ന് ചിന്തിക്കണം.

മോട്ടോര്‍ വാഹന നിയമ പ്രകാരം ലൈസന്‍സ് എടുക്കുന്നതിന് ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ബന്ധമാണ്. ഡ്രൈവിങ് ടെസ്റ്റിന് ഇന്ന വാഹനം തന്നെ ഉപയോഗിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ കാര്‍ ലൈസന്‍സ് എടുക്കാന്‍ പോകുന്ന ഒരാള്‍ക്ക് ഓട്ടോമാറ്റിക് വാഹനമോ, ഗീയര്‍ ഉള്ള വാഹനമോ ഏത് വേണമെങ്കിലും കൊണ്ടുപോകാം. വാഹനം നന്നായി ഓടിച്ചുകാണിക്കണം എന്നുമാത്രം. മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ഗിയര്‍ വാഹനങ്ങള്‍ പതിയെ പതിയെ നമ്മുടെ റോഡുകളില്‍ കുറഞ്ഞുവരുന്ന യാഥാര്‍ത്ഥ്യം ഗതാഗത മന്ത്രി തിരിച്ചറിയുന്നില്ല എന്നത് അത്ഭുതമാണ്.

ഗിയര്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന ആശയകുഴപ്പങ്ങള്‍ ഓട്ടോമാറ്റിക് വാഹനങ്ങളില്‍ ഇല്ല എന്നത് പലര്‍ക്കും ആശ്വാസമാണ്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക്. ഡ്രൈവിങ് വലിയ തലവേദനയല്ലാത്ത ഒരു സംഗതിയായി മാറിയത് ഓട്ടോമാറ്റിക് വാഹനങ്ങളുടെ വരവോടെയാണ്. ഇപ്പോഴത് കൂടുതല്‍ ലളിതമാക്കി ബാറ്ററി വാഹനങ്ങള്‍ വരുന്നു. കൂടുതല്‍ പേര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയുന്ന സാഹര്യങ്ങള്‍ ഇതിലൂടെ ഉണ്ടാകുന്നുണ്ട്. അവരെയാകെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് മന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനം നിയമവിധേയമായി ഓടിക്കുന്നുണ്ടോ എന്നതല്ലേ പ്രധാനം, അങ്ങനെ ഓടിക്കാനുള്ള ശേഷി ഉണ്ടോ എന്നതും ഉറപ്പാക്കണം. അതല്ലെങ്കില്‍ ഓട്ടോ മാറ്റിക് വാഹനം എന്ന് ലൈസന്‍സില്‍ പ്രത്യേകം രേഖപ്പെടുത്തുന്നതിലും തെറ്റില്ല. പക്ഷെ, ഓട്ടോമാറ്റിക് വാഹനം ഡ്രൈവിങ് ടെസ്റ്റിന് നിര്‍ബന്ധമാക്കുന്നത് ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഗിയറുള്ള വാഹനങ്ങള്‍ ഓടിച്ചാല്‍ മാത്രമെ ഒരാള്‍ വാഹനം ഓടിക്കാന്‍ അറിയുന്ന ആളാകുന്നുള്ളു എന്ന് ഗതാഗത വകുപ്പ് ചിന്തിക്കുന്നത് ആന മണ്ടത്തരമാണെന്ന് പറയാതെ വയ്യ. പുതിയ സാഹചര്യങ്ങളും വിമര്‍ശനങ്ങളും കണക്കിലെടുത്ത് തുഗ്ളക് പരിഷ്കാരം മന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

Automatic vehicles are not allowed for Driving test in Kerala

More Stories from this section

family-dental
witywide