ബാബ സിദ്ദിഖിയുടെ കൊലപാതകം : സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു, ബോളിവുഡിലെ സുഹൃത്തുക്കള്‍ ഇപ്പോള്‍ സല്‍മാനെ കാണരുതെന്നും നിര്‍ദേശം

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതക പശ്ചാത്തലത്തില്‍ ബോളിവുഡ്താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറന്‍സ് ബിഷ്‌ണോയി സംഘം സല്‍മാന്‍ ഖാനെ സഹായിക്കുന്നവര്‍ക്ക് ഇതായിരിക്കും അനുഭവം എന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേര്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗത്തെ ഹരിയാന ജയിലില്‍ വെച്ച് കണ്ടിരുന്നതായി കേസന്വേഷിക്കുന്ന മുംബൈ ക്രൈം ബ്രാഞ്ച്. ഇവര്‍, വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട ഗുര്‍മൈല്‍ സിങ്ങിന്റെ കുടുംബം, ഗുര്‍മൈല്‍ തങ്ങള്‍ക്ക് ആരുമല്ലെന്നും അവനുമായുള്ള ബന്ധം വളരെ മുന്‍പ് തന്നെ വിച്ഛേദിച്ചിരുന്നുവെന്നും വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide