
ഡാളസ്: ഓഗസ്റ്റ് 2 ന് നടക്കുന്ന 28-ാമത് ഡാളസ് ‘മേയേഴ്സ് ബാക്ക് ടു സ്‌കൂള്‍ മേളയ്ക്ക്’ മേയര്‍ എറിക് ജോണ്‍സണ്‍ ആതിഥേയത്വം വഹിക്കും. ഫെയര്‍ പാര്‍ക്കിലാണ് പരിപാടി നടക്കുക.
‘മേയേഴ്സ് ബാക്ക് ടു സ്‌കൂള്‍ ഫെയര്‍ എന്നത് ഡാളസ് പാരമ്പര്യമാണെന്നും ഈ വര്‍ഷത്തെ തന്റെ പ്രിയപ്പെട്ട ഇവന്റുകളില്‍ ഒന്നാണിതെന്നും ജോണ്‍സണ്‍ പറഞ്ഞു, മാത്രമല്ല, ഇത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അവശ്യ സ്‌കൂള്‍ സാമഗ്രികളും കുട്ടികള്‍ക്ക് വേണ്ട സേവനങ്ങളും നല്‍കിക്കൊണ്ട് ഡാളസിലെ കുട്ടികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഇവന്റ് നടക്കുക.
ബാഗുകള്‍ നിറയെ പഠന സാമഗ്രികളും, സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകള്‍, ഹെയര്‍കട്ട്, ഡെന്റല്‍ പരിശോധന, കാഴ്ച പരിശോധന ഉള്‍പ്പെടെയാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഇതിനായി 1,000-ത്തിലധികം കുടുംബങ്ങള്‍ ഇതിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ 26 വരെ രജിസ്‌ട്രേഷന്‍ തുടരും. കുടുംബങ്ങള്‍ക്ക് Mayorsbacktoschoolfair.com-ല്‍ സൈന്‍ അപ്പ് ചെയ്യാം. സിറ്റി ഓഫ് ഡാളസ്, ഡാളസ് ഐഎസ്ഡി, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണ് ഇവന്റ് നടത്തുന്നത്.