കെജ്രിവാളിന് ജയിലോ ജാമ്യമോ? സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിലാണോ അതോ ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്. മദ്യ നയ അഴിമതിക്കേസിൽ ജൂണിൽ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽലാണ് സുപ്രീം കോടതി ഇന്ന് രാവിലെ വിധി പറയുക.

കെജ്രിവാളിന് അനുകൂലമായി കോടതി വിധിച്ചാൽ, ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം അദ്ദേഹം ഇന്ന് പുറത്തിറങ്ങും. ആറ് മാസം മുമ്പാണ് അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം ജയിലിലേക്ക് മടങ്ങുകായായിരുന്നു.

ആം ആദ്മി പാർട്ടി മേധാവിക്ക് ഇഡിയുടെ അറസ്റ്റിൽ നേരത്തേ ജാമ്യം അനുവദിച്ചിരുന്നെങ്കിലും മുമ്പ് സി ബി ഐ അറസ്റ്റ് ചെയ്തതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.

സുപ്രീം കോടതിയിൽ ഉൾപ്പെടെയുള്ള വിവിധ ഫോറങ്ങളിൽ, കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി, രണ്ടാമത്തെ അറസ്റ്റ് ഒരു “ഇൻഷുറൻസ്” ആണെന്ന് വിമർശിച്ചിരുന്നു. ആം ആദ്മി നേതാവിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും എക്കാലവും തടങ്കലിൽ അടയ്ക്കാം എന്നുദ്ദേശിച്ചാണ് സിബിഐ അറസ്റ്റ് എന്നും അദ്ദേഹം വാദിച്ചിരുന്നു.