
ഡൽഹി: വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി താരം ബജറംഗ് പൂനിയ. വിനേഷ് തോറ്റതല്ല തോൽപ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. തങ്ങൾക്ക് എന്നും വിനേഷ് ആണ് വിജയിയെന്നും വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്നും ബജറംഗ് പൂനിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഗൂഢാലോചന ആരോപിച്ച് ഒളിമ്പിക്സ് മെഡല്‍ ജേതാവായ വിജേന്ദര്‍ സിങ്ങും രംഗത്തെത്തി. ഒളിമ്പിക്സിൽ പങ്കെടുത്തതിന് ശേഷം ഇതുപോലൊന്ന് കണ്ടിട്ടില്ല. ഇന്ത്യയിലെ ഗുസ്തി താരങ്ങള്‍ക്കെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ അയോഗ്യത നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
“ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയാണിത്. ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ട് കാഴ്ച വെച്ച പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല. അത്‌ലറ്റുകള്‍ക്ക് ഒരു രാത്രി കൊണ്ട് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ ഭാരം കുറക്കാന്‍ കഴിയും. പിന്നെ 100 ഗ്രാം കുറക്കാന്‍ എന്താണ് പ്രശ്‌നം. വിനേഷിന്റെ വിജയത്തില്‍ ആര്‍ക്കോ പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ടാണ് അയോഗ്യയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നുമാണ് എനിക്ക് തോന്നുന്നത്. 100 ഗ്രാം കുറയ്ക്കാന്‍ വിനേഷിന് അവസരം നല്‍കേണ്ടതായിരുന്നു,” വിജേന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പാരിസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിനായി തയ്യാറെടുക്കണമെന്ന അഭ്യർത്ഥനകളോട് താരം പ്രതികരിച്ചില്ല. തനിക്കെതിരായ മത്സരത്തിൽ ഗുസ്തി വിജയിച്ചു. താൻ പരാജയപ്പെട്ടെന്ന് വിനേഷ് പറഞ്ഞു. തന്റെ സ്വപ്നങ്ങളും ധൈര്യവും തകർക്കപ്പെട്ടു. ഇനിയൊരു പോരാട്ടത്തിന് ശക്തിയില്ല. 2001 മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് വിടപറയുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണണെന്നും വിനേഷ് സോഷ്യൽ മീഡിയയിലെ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.