
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്കേര്‍പ്പെടുത്തി.
ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിള്‍ നല്‍കാതിരുന്നതിനുമാണ് താരത്തിനെ വിലക്കിയത്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) ആണ് വിലക്കേര്‍പ്പെടുത്തിയത്. ഏപ്രില്‍ 23 മുതല്‍ നാലുവര്‍ഷത്തേക്കാണ് വിലക്ക്. മാര്‍ച്ച് പത്തിനാണ് നാഡയുടെ പരിശോധനയ്ക്ക് പൂനിയ വിസമ്മതിച്ചത്. ഇതോടെ 4 വര്‍ഷത്തേക്ക് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല.
കാലാവധികഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയതിനാലാണ് സാംപിള്‍ നല്‍കാതിരുന്നതെന്ന് പൂനിയ അറിയിച്ചിരുന്നു. പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളില്‍ വ്യക്തതവേണമെന്നുമാണ് പൂനിയ നാഡയെ അറിയിച്ചത്. എന്നാല്‍ ഇത് നിരസിച്ച നാഡ വിലക്കിലേക്ക് നീങ്ങുകയായിരുന്നു.