
വാഷിങ്ടൺ: ബാൾട്ടിമോർ പാലത്തിൽ കപ്പൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട എട്ട് ഇന്ത്യൻ ക്രൂ അംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു. വെള്ളിയാഴ്ചയാണ് ഇവർ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. കുക്ക്, ഫിറ്റർ, നാവികർ എന്നിവരുൾപ്പെടെ എട്ട് ഇന്ത്യൻ ക്രൂ അംഗങ്ങൾക്ക് ജഡ്ജി അംഗീകരിച്ച കരാറിനെ തുടർന്ന് യുഎസ് വിടാൻ അനുമതി നൽകിയിരുന്നു. അന്വേഷണങ്ങൾ നടക്കുന്നതിനാൽ ബാക്കിയുള്ള 13 ക്രൂ അംഗങ്ങൾ യുഎസിൽ തുടരും. ബാക്കിയുള്ള ജീവനക്കാരെ ബാൾട്ടിമോറിലെ ഒരു സർവീസ് അപ്പാർട്ട്‌മെൻ്റിലേക്ക് മാറ്റി.
അന്വേഷണം പൂർത്തിയാകുന്നതുവരെ അവർ അവിടെ തുടരും. അപകടമുണ്ടാക്കിയ എംവി ഡാലി എന്ന കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ തൂണുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് നിർമാണ തൊഴിലാളികൾ മരിച്ചു. പാലം പൂർണമായി തകരുകയും ചെയ്തു.
ദുരന്തവുമായി ബന്ധപ്പെട്ട് ജീവനക്കാരെ ആരെയും പ്രതി ചേർത്തിട്ടില്ല. സംഭവത്തെക്കുറിച്ച് എഫ്ബിഐയും മറ്റ് ഫെഡറൽ ഏജൻസികളും അന്വേഷണം നടത്തിവരികയാണ്. ബാൾട്ടിമോറിലെ പടാപ്‌സ്‌കോ നദിക്ക് കുറുകെയുള്ള 2.6 കിലോമീറ്റർ നീളവും നാലുവരിപ്പാതയുമുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലം മാർച്ച് 26 കപ്പൽ ഇടിച്ചതിനെ തുടർന്ന് തകർന്നു.
Baltimore bridge collapse: 8 Indian crew members of cargo ship MV Dali leave for India