ബാൾട്ടിമോർ അപകടം: തിരച്ചിൽ നിർത്തി; കാണാതായവർ ലാറ്റിൻ അമേരിക്കക്കാരെന്ന് മാധ്യമ റിപ്പോർട്ട്, ഒരാളെ തിരിച്ചറിഞ്ഞു

ചരക്കുകപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ വീണ് കാണാതായ ആറു തൊഴിലാളികളും മരിച്ചതായി അനുമാനിക്കുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചിലും അവസാനിപ്പിച്ചു. പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തികൊണ്ടിരുന്ന തൊഴിലാളികളായിരുന്നു അവർ. അവരിൽ ഒരാൾ എൽ സാൽവഡോറിൽ നിന്നുള്ള മിഗ്വൽ ലൂണ എന്നയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാൾട്ടിമോറിലെ കുടിയേറ്റ കുടുംബങ്ങൾക്ക് സേവനങ്ങൾ നൽകുന്ന സംഘടനയായ കാസയാണ് മിഗ്വൽ ലൂണയാണ് അപകടത്തിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. “അദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവാണ്, 19 വർഷത്തിലേറെയായി മെരിലൻഡിൽ ജീവിക്കുന്നു. ,” കാസ എക്സിക്യൂട്ടീവ് ഡയറക്ടർ ഗുസ്താവോ ടോറസ് പറഞ്ഞു.

അയാൾ അപകടത്തിൽ പെട്ടത് അറിയാതെ കുടിയേറ്റക്കാർ പാർക്കുന്ന ഏതോ കൊച്ചു വീട്ടിൽ രാത്രി ഉറങ്ങുകയായിരുന്നു ലൂണയുടെ ഭാര്യയും 3 കുഞ്ഞുങ്ങളും. പാലം തർന്നത് അവർ അറിഞ്ഞത് വൈകിയാണ്. തൻ്റെ പിതാവ് രാത്രി പാലത്തിന് മുകളിൽ ജോലി ചെയ്യുകയായിരുന്നു എന്ന് അറിയാമായിരുന്നു, എന്നാൽ സുഹൃത്തുക്കൾ വിളിച്ച് പറയുന്നതുവരെ പാലം തകർന്നതായി അറിഞ്ഞിരുന്നില്ല എന്ന് മിഗ്വൽ ലൂണയുടെ മകൻ മാർവിൻ ലൂണ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു,

നദിയിൽ വീണ് കാണാതായ തൊഴിലാളികൾ മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ എന്നിവിടങ്ങളിലെ പൗരന്മാരാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാണാതായവരിൽ ഹോണ്ടുറാസ് സ്വദേശിയായ മേയർ യാസിർ സുവാസോ സാൻഡോവയും ഉൾപ്പെടുന്നുവെന്ന് അസോഷ്യേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കാണാതായ രണ്ട് തൊഴിലാളികൾ ഗ്വാട്ടിമാലൻ പൗരന്മാരാണെന്ന് ഗ്വാട്ടിമാലയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു, എന്നാൽ ഇതുവരെ അവരുടെ പേരുകൾ നൽകിയിട്ടില്ല.

മെരിലൻഡ് സംസ്ഥാനത്തെ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന പ്രാദേശിക കോൺട്രാക്ടറായ ബ്രൗണർ ബിൽഡേഴ്‌സിൻ്റെ തൊഴിലാളികളായിരുന്നു ആറു പേരും. വാഹനത്തിരക്ക് കുറവുള്ള രാത്രിയിൽ പാലത്തിലെ ചെറിയ കുഴികൾ അടയ്ക്കുന്ന ജോലിയിലായിരുന്നു അവർ. പാലത്തിൽ നിർത്തിയിട്ട ട്രക്കിൽ വിശ്രമിക്കുകയായിരുന്നു അവരിൽ ചിലർ. ട്രക്കടക്കമാണ് നദിയിലേക്ക് വീണിരിക്കുന്നത്.

എന്തായാലും ബോട്ടുകളും ഹെലികോപ്ടറും ഡൈവർമാരും അടക്കും തിരഞ്ഞിട്ടും ഇവരെ കണ്ടെത്താനായില്ല. കൊടും തണുപ്പും പ്രക്ഷുബ്ദമായ നദിയും രക്ഷാപ്രവർത്തനത്തെ ബുദ്ധിമുട്ടേറിയതാക്കിയിരുന്നു.

Baltimore bridge collapse one of the victims Identified

More Stories from this section

family-dental
witywide