ബാൾട്ടിമോർ അപകടം: കപ്പൽ നടത്തിപ്പുകാർ മലയാളി ഉടമസ്ഥതയിലുള്ള കമ്പനി, കപ്പലിലുണ്ടായിരുന്ന എല്ലാവരും ഇന്ത്യക്കാർ

സിംഗപ്പൂർ പതാകയുള്ള ഡാലി എന്ന ചരക്ക് കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നുവീണിട്ട് മണിക്കൂറുകൾ പിന്നിടുന്നു. മലയാളിയായ രാജേഷ് ഉണ്ണിയുടെ സിനെർജി മറൈൻ ഗ്രൂപ്പാണ് അപകടത്തിൽപ്പെട്ട കപ്പലിൻ്റെ നടത്തിപ്പുകാർ. അപകടം വരുത്തിയ കപ്പലിലുണ്ടായിരുന്നവരെല്ലാം ഇന്ത്യക്കാരാണ് എന്ന വിവരമാണ് പുറത്തു വരുന്നത്.

കപ്പലിൽ 22 ജീവനക്കാരുണ്ടായിരുന്നു. എല്ലാവരും ഇന്ത്യക്കാരാണ് എന്ന് സിനർജി മറൈൻ കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു. ഷിപ്പിംഗ് ഭീമനായ മെർസ്ക് ചാർട്ട് ചെയ്ത കപ്പലാണ് ഡാലി. കപ്പലിലുള്ള ആർക്കും പരുക്കില്ല. കപ്പൽ കൊളംബോയിലേക്ക് പോവുകയായിരുന്നു.

പാലത്തിൽ നിന്ന് നദിയിലേക്ക് വീണ 20 പേർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ഈ അപകടം എങ്ങനെയാണ് സംഭവിച്ചത് , അതിൻ്റെ കാരണം എന്തായിരിക്കാം. ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ മാധ്യമങ്ങൾ ചില സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

കപ്പൽ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ മറൈൻ ട്രാഫിക്ക് പുറത്തുവിട്ട അപകടത്തിന്റെ വിഡിയോയും കപ്പലിൻ്റെ യാത്രയും പരിശോധിച്ച ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ് –

മാർച്ച് 26 ന് പ്രാദേശിക സമയം ഏകദേശം രാത്രി 12:24 ന് (04:24 GMT) ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽ നിന്ന് കണ്ടെയ്നർ കപ്പൽ പുറപ്പെട്ടു.

അതിൻ്റെ വേഗത ക്രമാനുഗതമായി വർധിക്കുകയും പടാപ്‌സ്കോ നദിയിലൂടെ തെക്ക് കിഴക്ക് ദിക്ക് ലക്ഷ്യമായി നേർ രേഖയിൽ സഞ്ചരിക്കുകയും ചെയ്തു. തുടർന്ന് 01:25 ന് കപ്പൽ പെട്ടെന്ന് അതിൻ്റെ നേർവഴിയിൽ നിന്ന് വ്യതിചലിക്കുകയും വേഗത കുറയ്ക്കുകയും ചെയ്തു. ഈ സമയത്ത്, കപ്പലിൻ്റെ പുറംഭാഗത്തുള്ള എല്ലാ ലൈറ്റുകളും പെട്ടെന്ന് അണയുകയും കപ്പലിൻ്റെ ഫണലിൽ നിന്ന് പുക പുക പുറത്തേക്ക് വരികയും ചെയ്യുന്നത് വിഡിയോയിൽ കാണാം. 01:28 ന് കപ്പൽ പാലത്തിൻ്റെ ഒരു ഭാഗത്ത് ഇടിച്ച്, അത് തകർന്നു.

ബാൾട്ടിമോറിലെ ഹെലൻ ഡെലിച്ച് ബെൻ്റ്‌ലി തുറമുഖം വൻ ചരക്കു നീക്കം നടക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ തുറമുഖമാണ്. ബാൾട്ടിമോർ പാലത്തിനു ചുറ്റും നല്ല കപ്പൽ ഗതാഗത തിരക്കുണ്ടായിരുന്നു. നങ്കൂരമിട്ടതും അല്ലാത്തതുമായ ഒരുപാട് കപ്പലുകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.

അപകടത്തിന് കാരണമായേക്കാവുധ സാധ്യതകൾ ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

  1. എഞ്ചിൻ തകരാർ 2. സ്റ്റിയറിംഗിന് പെട്ടെന്നുണ്ടായ തകരാർ, 3. ജനറേറ്റർ ബ്ലാക്ക്ഔട്ട്, 4. പൈലറ്റ്/മാനുഷിക പിഴവ് ഉണ്ടാകാനുള്ള സാധ്യത
    ഒരു കപ്പൽ പുറപ്പെടുന്നതിന് മുമ്പ്, കപ്പലിൻ്റെ എല്ലാ ഘടകങ്ങളും പരിശോധിക്കും. അതിനായി ഒരു ചെക്ക്‌ലിസ്റ്റ് തന്നെയുണ്ട്. അതെല്ലാം കൃത്യമായി പൂർത്തിയാക്കിയ ശേഷമാണോ കപ്പൽ പുറപ്പെട്ടത് എന്ന് അറിയില്ല. അങ്ങനെയെങ്കിൽ എവിടെയോ പിഴവ് വന്നിട്ടുണ്ട്.

കപ്പലുകൾ വളരെ വലുതാണ്, വേഗത കുറവാണെങ്കിലും, ആവേഗം വളരെ വലുതായിരിക്കും. പാലത്തിന്റെ ക്ഷമതാ പരിശോധന ഒടുവിൽ എപ്പോഴാണ് നടത്തിയത് എന്നത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പാലത്തിന് തൊട്ടടുത്ത് ഒരു തുറമുഖം ഉണ്ടായിരിക്കുകയും കപ്പലുകൾ എല്ലായ്‌പ്പോഴും അതിനടിയിലൂടെ പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനകൾ ഇടയ്ക്കിടെ നടത്തേണ്ടതാണ് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Baltimore Ship Accident: Ship Crew all Indians