ബാൾട്ടിമോർ ദുരന്തത്തിൽ വൻ വെളിപ്പെടുത്തൽ; തുറമുഖത്തു നിന്ന് പുറപ്പെടും മുമ്പേ കപ്പലിന് തകരാർ സംഭവിച്ചിരുന്നു

ബാൾട്ടിമോർ: ബാൾട്ടിമോർ തുറമുഖത്ത് നിന്ന് പുറപ്പെടുന്നതിന് ഏകദേശം 10 മണിക്കൂർ മുമ്പ് ഡാലി എന്ന ചരക്ക് കപ്പലിന് വൈദ്യുത തടസ്സമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് ആറ് നിർമ്മാണ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. തുറമുഖത്തു നിന്ന് പുറപ്പെടും മുമ്പേ കപ്പലിന് തകരാർ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ക്രൂ അംഗം അബദ്ധത്തിൽ എക്‌സ്‌ഹോസ്റ്റ് ഡാംപർ അടച്ചതിനെ തുടർന്ന് വൈദ്യുതി മുടങ്ങി. ഇതിന്റെ ഭാഗമായി കപ്പലിൻ്റെ ഡീസൽ എഞ്ചിൻ സ്തംഭിച്ചിരുന്നുവെന്നാണ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മാർച്ച് 26 ന് ബാൾട്ടിമോറിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, വീണ്ടും വൈദ്യുതി തടസപ്പെട്ടു. പിന്നാലെ പാലത്തിൽ ഇടിക്കുകയും നിമിഷങ്ങൾക്കകം പാലം തകരുകയും ചെയ്തു.

വൈദ്യുതി നിലച്ച വിവരം കപ്പലിൻ്റെ സീനിയർ പൈലറ്റിനെയും അപ്രൻ്റിസ് പൈലറ്റിനെയും മുമ്പ് അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂർണ്ണമായ അന്വേഷണത്തിന് ഒരു വർഷമോ അതിലധികമോ സമയമെടുക്കുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.

അപകടം നടന്നതിന് പിന്നാലെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. എങ്ങനെയാണ് അപകടം നടന്നതെന്നും എന്തുകൊണ്ടാണ് അപകടം നടന്നതെന്നും ഭാവിയിൽ ഇത് സംഭവിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ നടപടികൾ സ്വീകരിക്കാമെന്നും കണ്ടെത്തലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബോർഡ് ചെയർ ജെന്നിഫർ ഹോമെൻഡി ആ സമയത്ത് പറഞ്ഞതായി സിബിഎസ് വാഷിംഗ്ടൺ റിപ്പോർട്ട് ചെയ്യുന്നു.