
ന്യൂഡല്‍ഹി: വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പാണ്ടയടക്കം നിരവധി മൃഗങ്ങളെ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതിന് ആറ് ഇന്ത്യക്കാരെ ബാങ്കോക്കിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതായി തായ് കസ്റ്റം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാമ്പുകളും തത്തകളും മോണിറ്റര്‍ പല്ലികളും ഉള്‍പ്പെടെയുള്ള 87 തരം ജീവികളെയാണ് ഇവര്‍ കടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. സുവര്‍ണഭൂമി വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് യാത്രചെയ്യാന്‍ തയ്യാറെടുത്ത സംഘത്തിന്റെ ലഗേജില്‍ നിന്നാണ് ഈ ജീവികളെ കണ്ടെത്തിയത്.
തുണി സഞ്ചികളിലാക്കിയ നിലയില്‍ പാമ്പുകളും ചുവന്ന പാണ്ടയെ കൊട്ടയ്ക്കുള്ളിലാക്കിയും തത്തയെ പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ചനിലയിലുമാണ് കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗങ്ങളാണ് ഇവയൊക്കെയും. പ്രതികള്‍ക്ക് പരമാവധി 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കും.
വന്യജീവി കള്ളക്കടത്തുകാരുടെ പ്രധാന ഹബ്ബാണ് തായ്ലന്‍ഡ്. സാധാരണയായി ചൈനയിലും വിയറ്റ്‌നാമിലും ഇവയെ വില്‍ക്കാറുള്ളതെങ്കിലും ഇപ്പോള്‍ ഇന്ത്യയും ഇത്തരം ജീവികളെ വില്‍ക്കാന്‍ പറ്റുന്ന വിപണിയായി മാറിയിരിക്കുന്നു.