
ന്യൂഡല്‍ഹി: അപകടകരമായ അന്തരീക്ഷ മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ബാങ്കോക്ക് നഗരത്തിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അധികാരികളുടെ നിര്‍ദ്ദേശം. എയര്‍ മോണിറ്ററിംഗ് വെബ്സൈറ്റ് ഐക്യുഎയര്‍ വ്യാഴാഴ്ച രാവിലെ ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളുടെ പട്ടികയില്‍ ബാങ്കോക്കിനെയും ചേര്‍ത്തിരുന്നു. ഇതോടെയാണ് തീരുമാനങ്ങള്‍ കടുപ്പിച്ചത്.
ഏകദേശം 11 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ തൊഴിലാളികളെ മലിനീകരണം ഒഴിവാക്കാന്‍ സഹായിക്കുന്നതിന് തൊഴിലുടമകളുടെ സഹകരണം സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വരെയാണ് ഈ ജോലി ക്രമീകരണം നീണ്ടുനില്‍ക്കുക.
സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ മേഖലയുമുള്‍പ്പെടെ 151 ഓളം കമ്പനികളുടെയും ഓര്‍ഗനൈസേഷനുകളുടെയും ജീവനക്കാര്‍ ഇത്തരത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യും.
ബാങ്കോക്കിലെ 50 ജില്ലകളില്‍ 20 എണ്ണത്തിലെങ്കിലും മലിനീകരണ പ്രശ്‌നമുണ്ട്. വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തായ്ലന്‍ഡിലെ വായുവിന്റെ ഗുണനിലവാരം പതിവായി മോശം അവസ്ഥയിലേക്ക് എത്താറുണ്ട്. കര്‍ഷകര്‍ വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്ന പുക വലിയ രീതിയില്‍ മലിനീകരണത്തിന് കാരണമാകാറുണ്ട്. ബാങ്കോക്കും വടക്കന്‍ നഗരമായ ചിയാങ് മായിയും കഴിഞ്ഞ വര്‍ഷം പല തവണ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
മലിനീകരണം പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് തായ്‌ലന്‍ഡിനെ തള്ളിവിടുന്നുണ്ട്. 2023ല്‍ രണ്ട് ദശലക്ഷം ആളുകള്‍ക്ക് മലീനീകരണ അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്.