ഹസീനക്ക് വീണ്ടും തിരിച്ചടി, നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കി, അന്താരാഷ്ട്ര ട്രിബ്യൂണലില്‍ 3 കേസും ഫയല്‍ ചെയ്തു

ധാക്ക: സംവരണ പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി നടുവിടേണ്ടിവന്ന ഷേഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹസീനയുടെ അവാമി ലീഗ് സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ നയതന്ത്ര പാസ്‌പോര്‍ട്ടുകളും റദ്ദാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സ്വീകരിച്ച നടപടികളില്‍, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും നടന്നുവെന്നാരോപിച്ച് ഷേഖ് ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലില്‍ മൂന്ന് കേസുകള്‍ കൂടി ഫയല്‍ ചെയ്തു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബമാണ് പുതിയ കേസുകള്‍ ഫയല്‍ ചെയ്തത്.

കേസുകളില്‍ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ അതാവുര്‍ റഹ്മാന്‍ പറഞ്ഞു. ഷേഖ് ഹസീനയ്ക്കും അവാമി ലീഗ് നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ മറ്റ് 76 പേര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിഭാഷകന്‍ ഹജ്ജത്ഉള്‍ അസ്ലാം ഖാനും അന്ത്രാഷ്ട്ര ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതടക്കം ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.

ബംഗ്ലാദേശിലെ സില്‍ഹട്ട് നഗരത്തില്‍ പ്രകടനത്തിനുനേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ ഷേഖ് ഹസീനയ്ക്കും 86 പേര്‍ക്കും എതിരെ കേസെടുത്തു. ഓഗസ്റ്റ് നാലിന് പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടിയുടെ (ബിഎന്‍പി) റാലിക്കുനേരെ നടന്ന വെടിവയ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഷേഖ് ഹസീനയ്ക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതില്‍ 27 എണ്ണവും കൊലപാതകക്കേസുകളാണ്.

ഷേഖ് ഹസീനയുടെ സഹോദരി ഷേഖ് രഹാന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഹസന്‍ മഹ്മൂദ്, മുന്‍ നിയമമന്ത്രി അനിസുര്‍ റഹ്മാന്‍, ഹസീനയുടെ ഉപദേശകനായിരുന്ന സല്‍മാന്‍ എഫ് റഹ്മാന്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. വിചാരണക്കായി ഷേഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide