
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന.
പന്ത്രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത്. ജൂണ്‍ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിനും എത്തിയിരുന്നു. ഇന്നലെ വീണ്ടും ന്യൂഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഷെയ്ഖ് ഹസീന രണ്ടു ദിവസം ഇന്ത്യയിൽ തങ്ങും. വെള്ളിയാഴ്ച തന്നെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഹസീന കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍, എന്നിവരുമായും ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും.
അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യപ്രകാരം ഷെയ്ഖ് ഹസീന വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയം.














