ബാർ കോഴ @2024? എക്സൈസ് മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എംബി രാജേഷ്; അനിമോന് സസ്പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ ആരോപണം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് ബാർ കോഴ ആരോപണം ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് ഉയരുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം രാത്രി 12 വരെ നീട്ടാനുമായി ഒരു ബാർ ഉടമ രണ്ടര ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

ഇതിന് പിന്നാലെ പ്രതിപക്ഷം എക്സൈസ് മന്ത്രി എം ബി രാജേഷിന്‍റെ രാജി ആവശ്യം ശക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചയുണ്ടെന്നാണ് മന്ത്രിയുടെ തിരിച്ചടി. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ആരോപണം ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ തളളി. ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ നൽകിയ ശബ്‌ദ സന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി.

രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ബാർ കോഴ ആരോപണത്തിൽ മന്ത്രി എം ബി രാജേഷ് രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പറഞ്ഞത്. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച സതീശൻ, മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ എന്ന് അറിയാൻ താത്പര്യമുണ്ടെന്നും പരിഹസിച്ചു. മന്ത്രി വെച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്നും അല്ലെങ്കിൽ പ്രതിപക്ഷം പ്രതിഷേധത്തിന് ഇറങ്ങുമെന്നും സതീശൻ വ്യക്തമാക്കി. അനിമോനെ പുറത്താക്കിയത് വെള്ളപൂശാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഢാലോചനയെന്ന് മന്ത്രി

പുതിയ ബാർ കോഴ ആരോപണം ഉയരാൻ ഇടയാക്കിയ ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുംഇതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് എക്സൈസ് മന്ത്രി എം ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ ഉടമകളുമായി എന്നല്ല, എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തോട്, എന്തേ ആവശ്യപ്പെടാത്തതെന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നാണ് എം ബി രാജേഷ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide