
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സമ്മേളനത്തിൽ ആദ്യ ദിനം തന്നെ ആളിക്കത്തി ബാർ കോഴ ആരോപണം. ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നെങ്കിലും സഭ നിർത്തി ചർച്ച വേണ്ടന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതോടെ സഭ സ്തംഭിപിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി.
എന്നാൽ സഭ തുടങ്ങിയത് മുതൽ തന്നെ ഇന്ന് ചൂടേറിയ ചർച്ചയാണ് ഇക്കാര്യത്തിൽ നടന്നത്. ബാർ കോഴ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ശബ്ദരേഖയിലെ അന്വേഷണം തൃപ്തികരമല്ലെന്നും അടിയന്തര പ്രമേയം കൊണ്ടുവന്ന റോജി ജോൺ പറഞ്ഞു. എല്ലാ തെളിവുകളും പുറത്തുണ്ട്. എന്നിട്ടും എന്തുകൊണ്ട് എഫ്ഐആർ ഇട്ട് കേസെടുക്കുന്നില്ല? അഴിമതി നടന്നിട്ടില്ല എന്നാണ് സർക്കാർ പറയുന്നത്. എങ്ങനെയാണ് അത് പറയാനാവുക? അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണം. ആരോപണ വിധേയരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തോ ? ഹോട്ടലിന്റെ രജിസ്റ്റർ പരിശോധിച്ചോ? അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചോ? അഴിമതിക്ക് പ്രേരണ നൽകുന്ന ഇടപെടൽ പോലും കുറ്റകരമാണെന്നിരിക്കെ അന്വേഷണത്തിന് സർക്കാർ തയ്യാറായിട്ടില്ല. ഓഫീസ് കെട്ടിട നിർമ്മാണത്തിനുള്ള പണപ്പിരിവ് ജനുവരിയിൽ പൂർത്തിയായതാണ്. രണ്ടര ലക്ഷത്തിന്റെ പിരിവ് എന്തിനെന്ന് എല്ലാവർക്കും അറിയാം.ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ല എന്നാണ് മന്ത്രി പറയുന്നത്. പലതവണ ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്. എക്സൈസ് പോളിസിയിൽ ടൂറിസം വകുപ്പിന് എന്താണ് താല്പര്യമെന്നും റോജി എം ജോൺ ചോദിച്ചു. ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗത്തിന്റെ അജണ്ട മദ്യനയം ആയിരുന്നു. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്നത് എം ബി രാജേഷോ മുഹമ്മദ് റിയാസോ എന്ന് ചോദിച്ച റോജി, ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കുന്നു എന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ വകുപ്പിൽ കുഞ്ഞും ജനിച്ചു ജാതകവും കുറിച്ചു. ഇനി അതിന്റെ അച്ഛനാരെന്ന് നോക്കിയാൽ മതി. നോട്ടെണ്ണുന്ന മെഷീൻ ഇപ്പോൾ ഇരിക്കുന്നത് എകെജി സെന്ററിലോ ക്ലിഫ് ഹൌസിലോ എന്ന് കൂടി റോജി ചോദിച്ചു. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ’യെന്ന സിനിമാ ഡയലോഗോടെയാണ് റോജി എം ജോൺ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. റോജിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മറുപടി നൽകികൊണ്ടാണ് എം ബി രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധം കാണുകയായിരുന്നു. ബാർ കോഴയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹളം വച്ച പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പാരഡി പാട്ടുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി. പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. സഭാ നടപടികളുമായി സ്പീക്കർ മുന്നോട്ടുപോയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു. പിന്നാലെ ഇന്നത്തേക്ക് സഭ പിരിയുന്നതയായി സ്പീക്കർ അറിയിച്ചു.