
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകന്‍ ബാരണ്‍ ട്രംപ് ജൂലൈയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ഫ്‌ലോറിഡയെ പ്രതിനിധീകരിക്കുന്ന ഡെലിഗേറ്റുകളില്‍ ഒരാളായിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, രാഷ്ട്രീയ അരങ്ങേറ്റത്തില്‍ നിന്നും ബാരണ്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്.
ട്രംപിന്റെ ഇളയ മകനാ ബാരണ്‍ പ്രായം 18 ആണ്. ബാരന്റെ രാഷ്രീയ പ്രവേശനം അമേരിക്കന്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി അധികം വൈകാതെ, ട്രംപിന്റെ മൂന്നാം ഭാര്യയും ബാരന്റെ അമ്മയുമായ മെലാനിയ ട്രംപിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയിലാണ് മകന്റെ പിന്മാറ്റത്തെക്കുറിച്ച് അറിയിപ്പു വന്നത്.
‘ഫ്‌ലോറിഡ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ബാരണ്‍ ബഹുമാനിക്കപ്പെടുന്നുണ്ടെങ്കിലും, മുന്‍കൂര്‍ പ്രതിബദ്ധതകള്‍ കാരണം ഖേദപൂര്‍വ്വം പങ്കെടുക്കാന്‍ വിസമ്മതിക്കുന്നു’വെന്നാണ് മെലാനിയയുടെ പ്രസ്താവന. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്ന ട്രംപ് കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാകുമെന്ന് വിലയിരുത്തപ്പെട്ട ബാരന്റെ കാര്യത്തില്‍ ഇതോടെ ആ പ്രതീക്ഷ മങ്ങി.
‘ട്രംപിന്റെ കുടുംബം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പൊതുജനങ്ങളില്‍ നിന്ന് വലിയ തോതില്‍ സംരക്ഷിക്കപ്പെടുകയും അധികം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപെടാതിരുന്നതുമാണ് ബാരണ്‍. പക്ഷേ, രാഷ്ട്രീയ പ്രവേശന വാര്‍ത്ത വന്നതോടെ ബാരണ്‍ വലിയ രീതിയില്‍ തലക്കെട്ടുകളില്‍ ഇടം പിടിക്കുകയായിരുന്നു.
പിന്മാറിയില്ലായിരുന്നെങ്കില്‍ ഫ്‌ലോറിഡ പ്രതിനിധി സംഘത്തിന്റെ ഭാഗമായി തന്റെ സഹോദരങ്ങളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ്, ടിഫാനി ട്രംപ് എന്നിവര്‍ക്കൊപ്പം ബാരണ്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ബാരണ്‍ തന്റെ പിതാവ് പ്രസിഡന്റായിരിക്കുമ്പോള്‍ കുട്ടിക്കാലത്ത് വൈറ്റ് ഹൗസില്‍ താമസിച്ചിരുന്നുവെങ്കിലും പക്ഷേ പൊതുജനങ്ങളില്‍ നിന്ന് മറയ്ക്കപ്പെട്ടിരുന്നു. ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്ക, ഭര്‍ത്താവ് ജാരെഡ് കുഷ്നറിനൊപ്പം അദ്ദേഹത്തിന്റെ ആദ്യ പ്രസിഡന്‍സിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവ് ആയിരുന്നു. ഡോണ്‍ ജൂനിയറും എറിക്കും ട്രംപ് റാലികളിലും പ്രചാരണ പാതയിലും സ്ഥിരാംഗങ്ങളാണ്. മാര്‍ച്ചില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി എറിക്കിന്റെ ഭാര്യ ലാറയെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.
നേരത്തെ ട്രംപിന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെ വക്താവ് ബാരണിന് ഈ പ്രക്രിയയില്‍ താല്‍പ്പര്യമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രചാരണത്തിലേക്കുള്ള തന്റെ ഇളയ മകന്റെ കാല്‍വയ്പ്പിനെ അഭിനന്ദിക്കാന്‍ ട്രംപ് തന്നെ പിന്നീട് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലും എത്തിയിരുന്നു.