
സഖ്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കാനും യുക്രെയ്‌നിന് ദീർഘകാല സൈനിക പിന്തുണ നൽകാനും ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന് ലോകത്തിനു മുമ്പിൽ തെളിയിക്കാനുമായി ഏറെക്കാലം മുമ്പ് ആസൂത്രണം ചെയ്തതാണ് നാറ്റോ ഉച്ചകോടി.
എന്നാൽ ഇന്ന് വാഷിംഗ്ടണിൽ തുടങ്ങുന്ന ഉച്ചകോടി 81 കാരനായ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ആരോഗ്യത്തിൻ്റെയും ചിന്താ ശേഷിയുടെയും ഒരു പൊതു പരിശോധനയായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ട്രംപുമായുള്ള സംവാദത്തിലെ ദുർബലമായ പ്രകടനത്തിന് ശേഷം മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്നുള്ള ആഹ്വാനങ്ങൾക്കിടയിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്.
ബൈഡൻ്റെ നാറ്റോയുടെ നേതൃത്വവും റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രെയ്നിലേക്കുള്ള സഹായവും അദ്ദേഹത്തെ പ്രസിഡൻ്റ് ജോർജ്ജ് ബുഷിന് ശേഷം സഖ്യത്തിൻ്റെ ഏറ്റവും വിശ്വസ്തനായ പ്രസിഡന്റാക്കി മാറ്റി. സ്വീഡൻ്റെയും ഫിൻലൻഡിൻ്റെയും സഖ്യത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ പക്ഷേ എണ്ണപ്പെടുമോ എന്ന് കണ്ടറിയണം. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാനുള്ള പോരാട്ടമായാണ് ഈ വേദിയെ ലോകം വീക്ഷിക്കുക. ബൈഡൻ എടുക്കുന്ന ഓരോ ചുവടും, ഓരോ ചലനവും, ഓരോ വാക്കുകളും സൂക്ഷ്മമായി ഇഴകീറിപരിശോധിക്കപ്പെടും.
ബൈഡന്റെ വ്യാഴാഴ്ചത്തെ വാർത്താ സമ്മേളനം നിർണായകമാണ്. പ്രസിഡന്റിന്റെ ഊർജ്ജസ്വലതയ്ക്കോ മാനസികാരോഗ്യത്തിനോ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബൈഡൻ്റെ ആവശ്യമാണ്. ആശയക്കുഴപ്പത്തിൻ്റെയോ ബലഹീനതയുടെയോ ഏതൊരു സൂചനകളും ഡെമോക്രാറ്റുകൾക്കിടയിൽ വീണ്ടും പരിഭ്രാന്തി പരത്തും. പ്രചാരണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശമിപ്പിക്കാനുള്ള ബൈഡൻ്റെ ശ്രമത്തെ ഇത് തടസ്സപ്പെടുത്തും. സംവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകുന്നതിൽ വൈറ്റ് ഹൗസ് പരാജയപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ മാധ്യമപ്രവർത്തകരിൽ നിന്ന് ബൈഡന്റെ ആരോഗ്യം, മെഡിക്കൽ റെക്കോർഡുകൾ എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരുമെന്ന് ഉറപ്പ്.
86-ാം വയസ്സിൽ അവസാനിക്കുന്ന രണ്ടാം ടേമിലേക്ക് ബൈഡൻ യോഗ്യനാണെന്ന് തെളിയിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ഈ വാർത്താസമ്മേളനം പ്രാധാന്യം അർഹിക്കുന്നു. കാരണം ബൈഡന്റ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഡെമോക്രാറ്റുകൾക്കിടയിൽ ഭിന്നത രൂക്ഷമാണ്. ബൈഡൻ തുടരട്ടെ എന്ന് ഒരുപക്ഷവും മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് മറുപക്ഷവും ആവശ്യപ്പെടുന്നു.
ബൈഡന്റെ വാർത്താസമ്മേളനം വിദേശ കക്ഷികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രസിഡൻ്റിൻ്റെ പ്രായാധിക്യത്തിൻ്റെ അനന്തരഫലങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവിയുടെ മാത്രം പ്രശ്‌നമല്ല; നാറ്റോ സഖ്യകക്ഷികളെ വിമർശിച്ചും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് ഇണങ്ങിയും തൻ്റെ ആദ്യ ടേം ചെലവഴിച്ച ട്രംപിൻ്റെ അതിശയകരമായ തിരിച്ചുവരവിനെതിരായ അവസാന പ്രതിരോധമാണ് ബൈഡൻ എന്ന നിലയിൽ ഇത് പാശ്ചാത്യരാജ്യങ്ങളുടെ കൂടി പ്രശ്‌നമാണ്.