ബംഗാളി നടിയുടെ പീഡന പരാതി : രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ബംഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളില്‍ ഏറ്റവുമാദ്യം റജിസ്റ്റര്‍ ചെയ്ത കേസാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്തില്‍ നിന്നു താന്‍ അനുഭവിക്കേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

2009ല്‍ പാലേരിമാണിക്യം സിനിമയുടെ ഒഡിഷനു വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ കലൂരിലെ ഫ്‌ളാറ്റില്‍ വച്ച് രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ അന്വേഷണ ചുമതല.

എന്നാല്‍ നടിയുടെ ആരോപണം നിഷേധിച്ച രഞ്ജിത്ത് നടിക്ക് ആ സിനിമയില്‍ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു വാദിച്ചത്. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

More Stories from this section

family-dental
witywide