
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീലാ മജുംദാര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്നുവര്‍ഷമായി അര്‍ബുദബാധിതയായിരുന്നു. സിനിമ-സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധിയാളുകള്‍ നടിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളറിയിച്ചു.
ബംഗാളി സിനിമയ്ക്കുണ്ടായ വലിയ നഷ്ടമാണ് ശ്രീലയുടെ വിയോഗമെന്നും ശക്തയായ അഭിനേതാവായിരുന്നുവെന്നും മികച്ചവേഷങ്ങളവതരിപ്പിച്ചിരുന്ന പ്രതിഭയെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ശ്രീലയുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അനുശോചിച്ചു. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു ശ്രീലാ മജുംദാര്‍. 43 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഏക്ദിന്‍ പ്രതിദിന്‍, ഖരീജ്, അകാലെര്‍ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ശ്യാം ബെനഗല്‍ സംവിധാനംചെയ്ത മണ്‍ടി, പ്രകാശ് ഝാ ഒരുക്കിയ ദമുല്‍, ഉത്പലേന്ദു ചക്രബര്‍ത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പാലാന്‍ ആണ് അവസാനചിത്രം. ഏക്ദിന്‍ പ്രതിദിന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രമെത്തിയത്. ഋതുപര്‍ണ ഘോഷ് സംവിധാനം ചെയ്ത ഛോഖെര്‍ ബാലി എന്ന ചിത്രത്തില്‍ ഐശ്വര്യാ റായിക്ക് ശബ്ദം നല്‍കിയത് ശ്രീലയായിരുന്നു.













