
ബെംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ഒരു ദിവസം കഴിയുമ്പോൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്. കർണാടക തലസ്ഥാനത്തെ വൈറ്റ്ഫീൽഡ് ഏരിയയിലെ കഫേയുടെ പരിസരത്ത് ഒരാൾ ബാഗുമായി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ബാഗ് കഫേയിൽ വച്ച ശേഷം സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ഇയാൾ അവിടെ നിന്ന് പോയെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കണ്ണടയും മാസ്ക്കും തൊപ്പിയും ധരിച്ച ഇയാൾ ഒരു പ്ലേറ്റ് ഇഡലിയുമായി കഫേയ്ക്കുള്ളിലൂടെ പോകുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 നും ഒരു മണിക്കും ഇടയിൽ നടന്ന സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരുക്കേറ്റിരുന്നു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടനത്തില്‍ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരു ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും സിദ്ധരാമയ്യ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്‌ഫോടനത്തിന് കാരണമായത് ‘ഇമ്പ്രൂവൈസ്ഡ് സ്‌ഫോടകവസ്തു’ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.