
ബെംഗളുരു: മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസിലെ മുഖ്യ ആസുത്രകനെ എൻ ഐ എ പിടികൂടി. വിവിധ സംസ്ഥാനങ്ങളിൽ എൻ ഐ എ നടത്തിയ റെയിഡിനിടെയാണ് രാമേശ്വരം കഫേ സ്ഫോടന കേസിലെ മുഖ്യ ബുദ്ധികേന്ദ്രമായ മുസമ്മില്‍ ഷെരീഫെന്ന പ്രതിയെ പിടികൂടിയത്. സ്ഫോടനം നടത്തിയ മുസ്സവിര്‍ ഷസീബ് ഹുസൈനും ഗൂഢാലോചനയില്‍ പങ്കാളിയായ അബ്ദുള്‍ മത്തീന്‍ താഹക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.കർണാടക, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എൻ ഐ എ നടത്തിയ റെയിഡിനിടെയാണ് ഇന്ന് മുസമ്മില്‍ ഷെരീഫിനെ പിടികൂടിയത്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ ബുദ്ധികേന്ദ്രം ഇയാളാണെന്നാണ് എൻ ഐ എ വൃത്തങ്ങൾ പറയുന്നത്. കേസിലെ പ്രതികളായ മറ്റ് രണ്ട് പേർക്കും വേണ്ട സഹായം നൽകിയതും ഇയാളാണെന്ന് എൻ ഐ എ പറയുന്നു. വൈകാതെ തന്നെ കേസിലെ രണ്ട് പ്രതികളും പിടിയിലാകുമെന്നും എൻ ഐ എ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.കര്‍ണാടകയിലെ 12 ഇടത്തും തമിഴ്‌നാട്ടിലെ അഞ്ചിടത്തും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലുമാണ് എന്‍ ഐ എ പരിശോധന നടത്തിയത്. പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു എന്‍ ഐ എ റെയിഡ്. ഇതിനിടയിലാണ് മുസമ്മില്‍ ഷെരീഫിനെ പിടികൂടിയത്. 3 സംസ്ഥാനങ്ങളിലായി നടത്തിയ റെയിഡിൽ വിവിധയിടങ്ങളിൽ നിന്നായി ഡിജിറ്റല്‍ ഉപകരണങ്ങളടക്കം എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.
Bengaluru Rameshwaram Cafe blast case: NIA arrests mastermind Muzammil Shareef after multi-state raids