
തിരുവനന്തപുരം: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.
അതേസമയം ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രമുണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. രാവിലെ 10ന് രാജ്ഭവന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോഓഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു. ഭാരത് ബന്ദിന് പുറമേ, ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ നടത്തും.
അതേസമയം, പഞ്ചാബിലെ മിക്ക സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് സമീപ അതിര്‍ത്തികളില്‍ തടഞ്ഞത് അക്രമത്തിലേക്ക് നയിച്ചിരുന്നു.