പരീക്ഷ പരീക്ഷണമായി; യു.പിയില്‍ ഭാരത് ജോഡോ ന്യായ് യാത്ര വെട്ടിച്ചുരുക്കി

ലക്‌നൗ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ വെട്ടിച്ചുരുക്കി. 10, 12 ക്ലാസുകളിലെ സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഉത്തര്‍പ്രദേശിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതെന്ന് പാര്‍ട്ടി അംഗങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.

രാഹുല്‍ ഗാന്ധി പല അവസരങ്ങളിലും പൊതുതാല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും യുപി ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്ത്, ഭാരത് ജോഡോ ന്യായ് യാത്ര ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 21 വരെ മാത്രമേ ഉത്തര്‍പ്രദേശില്‍ തുടരൂവെന്നും സംസ്ഥാന കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി വ്യക്തമാക്കി. ഫെബ്രുവരി 26 വരെയായിരുന്നു മുന്‍നിശ്ചയിച്ച യാത്രയുടെ ദൈര്‍ഘ്യം. ഫെബ്രുവരി 16 ന് വാരാണസി വഴി യുപിയിലേക്ക് പ്രവേശിക്കുമെന്നും തുടര്‍ന്ന് ഭദോഹി, പ്രയാഗ്രാജ്, പ്രതാപ്ഗഡ് വഴി ഫെബ്രുവരി 19 ന് അമേഠിയില്‍ എത്തുന്ന രീതിയിലുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 19 ന്, അമേഠി ലോക്സഭാ മണ്ഡലത്തിലെ ഗൗരിഗഞ്ചില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും തുടര്‍ന്ന് പിറ്റേദിവസം യാത്ര റായ്ബറേലിയിലേക്ക് എത്തുകയും ചെയ്യും. അവിടെ നിന്ന് ലഖ്നൗവിലേക്കാണ് യാത്ര പോകുക. ഫെബ്രുവരി 21 ന് ലഖ്നൗവില്‍ നിന്ന് ഉന്നാവോയില്‍ എത്തിച്ചേരുന്ന ന്യായ് യാത്ര ഉന്നാവോ നഗരം, ശുക്ലഗഞ്ച് വഴി കാണ്‍പൂരില്‍ പ്രവേശിക്കും. തുടര്‍ന്ന്, കാണ്‍പൂര്‍, ഹാമിര്‍പൂര്‍ വഴി ഝാന്‍സിയിലെത്തും, അതിനുശേഷം അന്നുതന്നെ മധ്യപ്രദേശില്‍ പ്രവേശിക്കും.

More Stories from this section

family-dental
witywide