
കൊച്ചി: നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്‍ഡിലേക്ക്. കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടത്തിയ ഈ പരിപാടിക്ക് ഇടയിലായിരുന്നു എം.എല്‍.എ ഉമാ തോമസിന് വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റത്.
ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും നൃത്തത്തില്‍ പങ്കെടുത്തിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്കു ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണു ഭരതനാട്യം അവതരിപ്പിച്ചത്. 10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോര്‍ഡ്.
മൃദംഗ നാദം സംഘടിപ്പിച്ച പരിപാടിക്കു ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. കേരളത്തിനു പുറമേ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍, യു എസ്, യു കെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള നര്‍ത്തകര്‍ പങ്കെടുത്തു.
8 മിനിറ്റ് നീണ്ട റെക്കോര്‍ഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്.