
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. തെരുവു കച്ചവടക്കാരനായ പങ്കജ് കുമാറിനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആര്‍ പ്രകാരം ബിഹാറിലെ ബര്‍ഹ് സ്വദേശിയാണ് ഇദ്ദേഹം.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിന് ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമല മാര്‍ക്കറ്റ് ഏരിയയിലെ പ്രധാന റോഡിന് സമീപം വണ്ടിയില്‍ വെള്ളവും പുകയിലയും വില്‍പ്പന നടത്തുകയായിരുന്നു പ്രതി. ഇത് യാത്രക്കാരെ തടസ്സപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. പട്രോളിംഗ് ഉദ്യോഗസ്ഥര്‍ കുമാറിനോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അവഗണിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം, ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സന്‍ഹിതയും, സിആര്‍പിസിക്ക് പകരം നാഗരിക് സുരക്ഷാ സന്‍ഹിതയും, ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ് ഇന്നുമുതല്‍ പ്രാബല്യത്തിലായത്.
ഐപിസിക്ക് 511 വകുപ്പുകള്‍ ഉണ്ടായിരുന്നതിന് വിരുദ്ധമായി, ഭാരതീയ ന്യായ സംഹിതയില്‍ 358 വകുപ്പുകളാണുള്ളത്. പുതിയ ക്രിമിനല്‍ നിയമപ്രകാരം 20 പുതിയ കുറ്റകൃത്യങ്ങള്‍ സംഹിതയില്‍ ചേര്‍ക്കുകയും 33 കുറ്റകൃത്യങ്ങള്‍ക്കുള്ള ജയില്‍ ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭാരതീയ ന്യായ സംഹിത പ്രകാരം 83 കുറ്റകൃത്യങ്ങളില്‍ പിഴ തുക വര്‍ധിപ്പിക്കുകയും 23 കുറ്റകൃത്യങ്ങളില്‍ നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റി സേവനത്തിനുള്ള ശിക്ഷ ആറ് കുറ്റകൃത്യങ്ങളില്‍ അവതരിപ്പിച്ചു. മാത്രമല്ല, 19 വകുപ്പുകള്‍ റദ്ദാക്കുകയോ നിയമത്തില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കനുസൃതമായി എല്ലാ പുതിയ എഫ്‌ഐആറുകളും ജൂലൈ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യും. എന്നിരുന്നാലും, നേരത്തെ ഫയല്‍ ചെയ്ത കേസുകള്‍ അന്തിമ തീര്‍പ്പാകുന്നതുവരെ പഴയ നിയമപ്രകാരം തുടരും.
പുതിയ നിയമത്തില്‍ ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങളാണുള്ളത്. കുറ്റകൃത്യത്തെക്കുറിച്ച് ഏത് സ്റ്റേഷനിലും വിവരം നല്‍കാന്‍ കഴിയുന്ന സീറോ എഫ്‌ഐആര്‍, പൊലീസ് പരാതികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, എസ്എംഎസ് പോലുള്ള ഇലക്ട്രോണിക് മോഡുകളിലൂടെയുള്ള സമന്‍സുകള്‍, കുറ്റകൃത്യങ്ങളുടെ വീഡിയോഗ്രാഫി നിര്‍ബന്ധമാക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്ന ഒരു ആധുനിക നീതിന്യായ സംവിധാനം ഇന്ത്യയില്‍ നടപ്പിലാക്കാനാണ് പുതിയ നിയമങ്ങള്‍ പദ്ധതിയിടുന്നത്.
മാത്രമല്ല, ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രതിയെ റിമാന്‍ഡില്‍ കഴിയുന്ന 90 ദിവസം വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വിടാം. മുമ്പ് ഇത് അറസ്റ്റിലായ ആദ്യ 15 ദിവസം വരെയായിരുന്നു.
കള്ളുകുടിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തല്‍, ചെറിയമോഷണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുക, ആത്മഹത്യാഭീഷണി മുഴക്കുക തുടങ്ങിയവയ്ക്ക് സാമൂഹ്യ സേവനമാണ് പുതിയ ശിക്ഷ.
പുതിയ നിയമ പ്രകാരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്‌ക്കെതിരായ പ്രവൃത്തിയുണ്ടായാല്‍ ജീവപര്യന്തംവരെ തടവിന് ശിക്ഷിക്കാം.
പൊലീസിന് കേസെടുക്കാന്‍ പറ്റുന്ന കുറ്റമാണെങ്കില്‍ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്നതിന്റെ പേരില്‍ കേസെടുക്കാതിരിക്കാനാകില്ല. പരിധിക്കു പുറത്തുള്ള സംഭവമാണെങ്കില്‍ സീറോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈ മാറണം. പീഡനം സംബന്ധിച്ച പരാതിയാണെങ്കില്‍ പ്രാഥമിക അന്വേഷണവും നടത്തണം. അതോടൊപ്പം വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനത്തിന് 10 വര്‍ഷം വരെ തടവും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയാല്‍ മരണ ശിക്ഷ പരമാവധി ശിക്ഷയായി ലഭിക്കും.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ വകുപ്പ് 111 പ്രകാരം സംഘടിത ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. മരണം സംഭവിച്ചില്ലെങ്കില്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും.
അതേസമയം, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുതിയ നിയമത്തില്‍ കുറ്റമല്ലാതായി. ഐ.പി.സി.യിലെ വകുപ്പ് 377 സുപ്രീംകോടതി നേരത്തേ ഭാഗികമായി റദ്ദാക്കിയിരുന്നു.