
ന്യൂഡൽഹി: ഇന്ത്യൻ പീനൽകോഡിന് (ഐപിസി) പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ജൂലൈ ഒന്നുമുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത, സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവിൽവരുക.
ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ ശിക്ഷ നൽകുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്, എന്നാൽ പുതിയ നിയമസംഹിത നീതി ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിലെ ഇന്ത്യക്കാർ ഉണ്ടാക്കിയതാണെന്നും കൊളോണിയൽ നിയമങ്ങൾക്ക് അവസാനമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമമനുസരിച്ച് ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പോലീസ് ഓഫീസർ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തിൽ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ട് നൽകുകയും വേണമെന്നും നിഷ്കർഷിക്കുന്നു.
Bharatiya Nyaya Sanhita will come into force in the country from tomorrow