ഹത്രാസ് ദുരന്തത്തിൽ മരണ സംഖ്യ 121 ആയി, ഭോലെ ബാബ ഒളിവിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ആധ്യാത്മിക പരിപാടിയ്ക്കിടെയുണ്ടായ ദുരന്തത്തിൽ മരണസംഖ്യ വർധിക്കുന്നു. തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ ഇതുവരെ 121 പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബയുടെ മതപ്രഭാഷണാ പരിപാടിക്കായി സിക്കന്ദ്രറാവു പ്രദേശത്തെ ഫുൽറായി ഗ്രാമത്തിന് സമീപം തടിച്ചുകൂടിയ ആയിരങ്ങളാണ് അപകടത്തിനിരയായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം സംഭവത്തിന് പിന്നാലെ ആഗ്രയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ കടന്നുകളഞെന്നാണ് വിവരം. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഭോലയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ശക്തമാണെന്നും ഉടൻ തന്നെ പിടിയിലാക്കുമെന്നും പൊലിസ് വ്യക്തമാക്കി. ഭോലെ ബാബയുടെ വീടടക്കം നിരീക്ഷണത്തിലാണെന്നും പൊലീസ് വിവരിച്ചു.