‘ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്തു’; ഹാഥ്റസിൽ ഗൂഢാലോചന നടന്നെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ

ഹാഥ്റസ്: സത്സംഗിൽ തിക്കിലും തിരക്കിലും പെട്ട് 120-ലധികം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടന്നെന്ന്, സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബയുടെ അഭിഭാഷകൻ എ പി സിങ്. ജൂലൈ രണ്ടിലെ സത്‍സംഗിൽ മുഖം മറച്ചെത്തിയ ചിലർ ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്ത് കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് അഭിഭാഷകന്റെ വാദം. ഇത് അപകടമല്ല, കൊലപാതകമാണെന്നാണ് ഇയാൾ പറയുന്നത്.

“10-12 പേർ വിഷം സ്പ്രേ ചെയ്തു. സ്ത്രീകൾ വീഴുകയായിരുന്നുവെന്നും ശ്വാസതടസ്സം മൂലം പലരും മരിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു,” എ.പി. സിങ് പറഞ്ഞു.

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എ.പി സിങ് ആരോപിച്ചു. സത്സംഗിനായി പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രേഖകൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് അഭിഭാഷകൻ പൊലീസിനോട് ആവശ്യപ്പെട്ടു.

രണ്ട് സ്ത്രീകളും മൂന്ന് വൃദ്ധരും ഉൾപ്പെടെ സംഭവത്തിൽ ഇതുവരെ ഒമ്പത് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സത്‍സംഗിന്റെ പ്രധാന സംഘാടകനായ ദേവ് പ്രകാശ് മധുക‍ർ ആണ് മുഖ്യപ്രതി. ഭോലെ ബാബയുടെ പരിപാടികളുടെ ഫണ്ട് റൈസറാണ് മധുകർ. ഭോലെ ബാബക്കായി സംഭാവനകൾ സ്വീകരിക്കുന്നതും മധുകർ ആണ്. ചികിത്സയ്ക്കായി ഡൽ​ഹിയിലെത്തിയ മധുക‍ർ അവിടെ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് എ.പി സിങ്ങിന്റെ വാദം.

എന്നാൽ മരണങ്ങളിൽ കേസെടുത്ത പൊലീസ് ഇതുവരെയും ഭോലെ ബാബയെ എഫ്ഐആറിൽ പ്രതി ചേ‍ർ‌ത്തിട്ടില്ല. സംഭവം നടന്ന ജൂലൈ 2 മുതൽ ഇയാൾ എവിടെയാണെന്നും വ്യക്തമല്ല.

More Stories from this section

family-dental
witywide