
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ കുത്തിവയ്പായ കോവാക്‌സിന്‍ എടുത്തവരും പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്. ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്കും ശ്വസനേന്ദ്രിയ അണുബാധയുണ്ടായതായി കണ്ടെത്തി.
ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ 50 ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലര്‍ക്കും ശ്വാസകോശ സംബന്ധമായ അണുബാധയും, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയും ഉണ്ടായതായി കണ്ടെത്തി.
ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.