
വാഷിംഗ്ടൺ: ഗാസയിലെ യുദ്ധത്തെക്കുറിച്ചുള്ള യുവാക്കളുടെ ശബ്ദം കേൾക്കാൻ ബൈഡൻ ഭരണകൂടം തയ്യാറാകണമെന്ന് ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥികൾ. ഇസ്രായേലിനുള്ള യുഎസ് പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലുടനീളം കോളേജ് കാമ്പസുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതാണ് ഇന്ത്യൻ വിദ്യാർത്ഥികൾ.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധം യുഎസ് സർവകലാശാലകളിലും കോളേജ് കാമ്പസുകളിലും സമീപ ആഴ്ചകളിൽ വ്യാപിക്കുകയും നിരവധി അക്രമങ്ങൾക്കും അറസ്റ്റുകൾക്കും കാരണമാവുകയും ചെയ്തു.
“ഇസ്രായേലിനുള്ള പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ നിലവിൽ വിവിധ രൂപത്തിലുള്ള കുത്തിയിരിപ്പ് സമരത്തിലാണ്,” പെൻസിൽവാനിയ സർവകലാശാലയിലെ വിദ്യാർത്ഥി ആരാ സമ്പത്ത് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിഷേധക്കാരിൽ പലരും ആവശ്യപ്പെടുന്നത് തങ്ങളുടെ കോളജുകൾ, ഇസ്രായേലി കമ്പനികളുമായോ ഇസ്രായേലുമായി വ്യാപാരം നടത്തുന്നവരുമായോ ഉള്ള എൻഡോവ്‌മെൻ്റുകളുടെ ബന്ധം വിച്ഛേദിക്കുക എന്നതാണ്. തങ്ങളുടെ സർവ്വകലാശാലകൾ ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള അക്കാദമിക ബന്ധം അവസാനിപ്പിക്കണമെന്നും പലരും ആഗ്രഹിക്കുന്നു.
“ബൈഡൻ ഭരണകൂടം ഞങ്ങളെ മനസ്സിലാക്കുകയും കേൾക്കുകയും ചെയ്യുക, ഞങ്ങളെ അടിച്ചമർത്തുന്നത് തുടരാതെ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുക എന്നത് പ്രധാനമാണ്,” ബാൾട്ടിമോറിൽ നിന്നുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിനി ശ്രേയ ശ്രീവാസ്തവ പറഞ്ഞു.














