
വാഷിങ്ടൺ: അമേരിക്കയിലെ പലസ്തീനികളെ അടുത്ത 18 മാസത്തേക്ക് നാടുകടത്തുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡൻ്റ് ജോ ബൈഡൻ. ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനമാനമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.
യുഎസിൽ താമസിക്കുന്ന 6000 പലസ്തീനികൾക്ക് ഈ തീരുമാനം ആശ്വാസകരമായിരിക്കും എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെയും തുടർന്നുള്ള ഇസ്രയേലിൻ്റെ സൈനിക പ്രതികരണത്തെയും തുടർന്ന് ഗാസയിലെ മാനുഷിക സാഹചര്യങ്ങൾ ഗണ്യമായി വഷളായതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ്റെ നീക്കം യുഎസിലെ പലസ്തീൻകാർക്ക് “താത്കാലിക സുരക്ഷിത താവള”മൊരുക്കുമെന്ന് സള്ളിവൻ പറഞ്ഞു. പലസ്തീൻ പ്രദേശങ്ങളിലേക്ക് സ്വമേധയാ മടങ്ങുന്നവർക്ക് അവരുടെ സംരക്ഷണം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് മാസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം, ഗാസയിലെ പലസ്തീനികളെ സംരക്ഷിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദ്ദം ബൈഡൻ നേരിടുന്നുണ്ട്. സംഘർഷത്തിൽ സ്ഥിരമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിന് അറബ്-അമേരിക്കൻ, മുസ്ലീം നേതാക്കളുടെ വിമർശനവും അദ്ദേഹം നേരിട്ടിട്ടുണ്ട്.