ചൈനയുമായുള്ള വ്യാപാരയുദ്ധം കടുപ്പിച്ച് യുഎസ്; ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്നു

വാഷിംഗ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, സ്റ്റീല്‍, സോളാര്‍ സെല്ലുകള്‍, അലുമിനിയം എന്നിവയ്‌ക്കാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡന്‍ തീരുമാനം അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം താരിഫ്, അര്‍ധ ചാലകങ്ങള്‍ക്ക് 50 ശതമാനം താരിഫ്, ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് 25 ശതമാനം വീതം താരിഫ് എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്.

‘അമേരിക്കയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വാഹനങ്ങൾ തുടർന്നും വാങ്ങാം. എന്നാല്‍ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാന്‍ ഞങ്ങള്‍ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണ് വേണ്ടത്, സംഘര്‍ഷമല്ല,’ബൈഡന്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന നയത്തിനെയും ബൈഡന്‍ വിമർശിച്ചു. അമേരിക്കന്‍ കയറ്റുമതിയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെന്നും പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. അതേസമയം, നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്പോള്‍ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.