‘ഇന്ത്യ-അമേരിക്ക ബന്ധം ഏറ്റവും മികച്ച നിലയിൽ’, മോദിയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നുവെന്നും ബൈഡൻ; ചര്‍ച്ച ഫലപ്രദമെന്ന് മോദി

ന്യൂയോര്‍ക്ക്: ത്രിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ബൈഡൻ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പങ്കുവെച്ച യുഎസ് പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോഴെല്ലാം സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതായും പറഞ്ഞു.

‘ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പവും ചലനാത്മകവുമാണ്. ഞങ്ങള്‍ ഓരോ തവണ ഇരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ല,’- പ്രസിഡന്റ് ബൈഡന്‍ എക്സില്‍ കുറിച്ചു.

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ശനിയാഴ്ച യുഎസ് പ്രസിഡന്റിന്റെ ഡെലാവറിലെ വസതിയില്‍ നടന്ന ഉഭയകക്ഷി യോഗത്തില്‍ ഇരു നേതാക്കളും പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

‘ഡെലാവറിലെ ഗ്രീന്‍വില്ലിലുള്ള യുഎസ് പ്രസിഡന്റിന്റെ വസതിയില്‍ എനിക്ക് ആതിഥ്യമരുളിയതിന് പ്രസിഡന്റ് ബൈഡന് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമായിരുന്നു. യോഗത്തില്‍ പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു,’- പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide