ബൈഡന് ആശങ്കയുടെ മണിക്കൂറുകൾ; പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്; സമയം വേണമെന്ന് വൈറ്റ് ഹൗസ്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന്‌ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും അമേരിക്കൻ പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അനുയായിയോട് ബൈഡന്‍ ഇക്കാര്യം സൂചിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റിപ്പോർട്ട് തികച്ചും തെറ്റാണെന്നും പ്രതികരിക്കാൻ വൈറ്റ് ഹൗസിന് മതിയായ സമയം നൽകിയിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് പറഞ്ഞു.

ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തിനു ശേഷം, ജനവിധി തേടാൻ താൻ പ്രാപ്തനാണെന്ന് വരുംദിവസങ്ങളിൽ വോട്ടർമാരെ ബോധ്യപ്പെടുത്താനായില്ലെങ്കിൽ തന്റെ സ്ഥാനാർത്ഥിത്വം സംരക്ഷിക്കാൻ കഴിയില്ലെന്ന് ബൈഡൻ പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രസിഡന്റുമായി സംസാരിച്ച ഏക വ്യക്തി ഈ സഖ്യ കക്ഷിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം തന്റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. ബുധനാഴ്ച രാത്രി ഗവര്‍ണറുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച അറ്റ്‌ലാൻ്റയിലെ സംവാദ വേദിയിലെ ദുർബലമായ പ്രകടനത്തിന് ശേഷം ഇനിയൊരു തിരിച്ചുവരവ് സാധിക്കുമോ എന്നതിനെക്കുറിച്ച് ബൈഡൻ ഗൗരവമായി ആലോചിക്കുന്നു എന്നതിൻ്റെ പരസ്യമായ ആദ്യ സൂചനയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു സ്ഥാനാർത്ഥി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനക്ഷമതയെക്കുറിച്ചും നാല് വർഷം കൂടി പ്രസിഡൻ്റായി തുടരാനാകുമോ വസ്തുതയെക്കുറിച്ചും ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പാർട്ടിക്കകത്തും പുറത്തും നിന്നുള്ള എതിർപ്പുകൾ ശക്തമാകുമ്പോഴും തൻ്റെ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ടു പോകാനും പോരാടാനും ബൈഡൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിൻ്റെ നിരവധി അനുയായികൾ ബുധനാഴ്ച പറഞ്ഞിരുന്നു.